
കോഴിക്കോട്: നാദാപുരം പുളിയാവ് പുഴയില്‍ മൂന്ന് പേര്‍ മുങ്ങിമരിച്ചു. അരീക്കുണ്ട് സ്വദേശികളായ അന്‍സാര്‍, ഭാര്യ സുഹാദ, അന്‍സാറിന്റെ സഹോദരന്റെ മകള്‍ ഇസ മറിയം എന്നിവരാണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ
അപകടം സംഭവിച്ചത്.
പുഴയില്‍ തുണി അലക്കുന്നതിനായാണ് ഇവര്‍ എത്തിയത്. ഇതിനിടെ കുട്ടി അബദ്ധത്തില്‍ കയത്തില്‍പ്പെടുകയായിരുന്നു. വെള്ളത്തില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അന്‍സാറും സുഹാദയും അപകടത്തില്‍പ്പെട്ടത്. മൂവരും പുഴയിലെ കയത്തില്‍ മുങ്ങിപ്പോകുകയായിരുന്നു.
അപകടം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നീട് വിദഗ്ധ സംഘമെത്തിയാണ് മൂവരെയും പുഴയില്‍ നിന്ന് പുറത്തെടുത്തത്. പുറത്തെടുക്കുമ്പോഴേക്കും മൂന്ന് പേരും മരണപ്പെട്ടിരുന്നതായാണ് പ്രാഥമിക വിവരം. മൃതദേഹങ്ങള്‍ നിലവില്‍ നാദാപുരം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.