തിരുവനന്തപുരം: സംസ്ഥാന ഭരണ ചരിത്രത്തില്‍ ആദ്യമായി ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ച് ഐഎഎസ് ഉദ്യോഗസ്ഥന്‍. നിലവില്‍ സസ്പെന്‍ഷനില്‍ കഴിയുന്ന എന്‍. പ്രശാന്ത് ഐഎഎസാണ് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലക്, കെ. ഗോപാലകൃഷ്ണന്‍ ഐഎഎസ്, മാതൃഭൂമി ദിനപത്രം എന്നിവര്‍ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. വ്യാജ രേഖ ചമയ്ക്കല്‍, ഔദ്യോഗിക രേഖകളില്‍ കൃത്രിമം കാണിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ ഗുരുതരമായ ക്രമക്കേടുകളാണ് എന്‍ പ്രശാന്ത് നാലുകൂട്ടര്‍ക്കുമെതിരെ ആരോപിച്ചിരിക്കുന്നത്.
പ്രശാന്ത് ഉന്നതിയുടെ സ്ഥാപക സിഇഒ ആയിരുന്ന കാലത്ത് ഫയലുകള്‍ കാണാതായെന്നും ഹാജര്‍ ക്രമക്കേടുകളുണ്ടെന്നും ആരോപിച്ച് ജയതിലക് തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടിനെതിരെയാണ് നിയമനടപടികള്‍ സ്വീകരിക്കുന്നത്. പ്രശാന്തിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ റിപ്പോര്‍ട്ടെന്നും, രണ്ട് നിര്‍ണായക കത്തുകള്‍ കെട്ടിച്ചമച്ച് സര്‍ക്കാരിന്റെ ഇ ഓഫീസ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്തത് എ ജയതിലക്, കെ. ഗോപാലകൃഷ്ണന്‍ എന്നിവരുടെ ഗൂഢാലോചനയാണെന്നും പ്രശാന്ത് പരസ്യമായി തന്നെ ആരോപിച്ചിരുന്നു. കെ. ഗോപാലകൃഷ്ണന്‍ ഒന്നാം പ്രതിയും, അഡീഷണല്‍ ചീഫ് സെക്രട്ടറി എ. ജയതിലക് രണ്ടാം പ്രതിയും, മാതൃഭൂമി ദിനപത്രം മൂന്നാം പ്രതിയും, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ നാലാം പ്രതിയുമായാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. വ്യാജരേഖ ചമയ്ക്കല്‍, ഔദ്യോഗിക രേഖകളില്‍ കൃത്രിമം കാണിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നിവ ഉള്‍പ്പെടെയുള്ള ഗുരുതരമായ ക്രമക്കേടുകളാണ് നോട്ടീസില്‍ ചുമത്തിയിരിക്കുന്നത്.
അഡീഷണല്‍ ചീഫ് സെക്രട്ടറി എ. ജയതിലകിന്റെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചതോ രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലുള്ളതോ അല്ലെന്നും ഇത് പ്രശാന്തിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. രണ്ട് വ്യാജ കത്തുകള്‍ കെട്ടിച്ചമച്ച് എ ജയതിലക് സര്‍ക്കാരിന്റെ ഇ ഓഫീസ് സിസ്റ്റത്തിലേക്ക് അപ്ലോഡ് ചെയ്തതായി വക്കീല്‍ നോട്ടീസ് ചൂണ്ടിക്കാട്ടുന്നു. ജയതിലകിന്റെ ഓഫീസില്‍ നിന്ന് തീയതിയില്ലാത്തതും നമ്പറില്ലാത്തതുമായ രണ്ട് കത്തുകളും വ്യാജമായി നിര്‍മ്മിച്ച് അപ്ലോഡ് ചെയ്തതായി സിസ്റ്റത്തില്‍ നിന്നുള്ള മെറ്റാഡാറ്റയും ടൈംസ്റ്റാമ്പുകളും വെളിപ്പെടുത്തുന്നു.
എല്ലാ ഫയലുകളും ഗോപാലകൃഷ്ണന്റെയും ജയതിലകിന്റെയും കൈവശമുണ്ടെന്ന് 2024 മെയ് 14 ലെ സര്‍ക്കാര്‍ കത്ത് കാണിച്ചതിനാല്‍ ഉന്നതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാനില്ലെന്ന ഈ കത്തിലെ ഉള്ളടക്കവും തെറ്റാണെന്ന് തെളിഞ്ഞതായി പറയുന്നു. ഈ രണ്ട് ഉദ്യോഗസ്ഥരുടെയും ഇത്തരം വഞ്ചനാപരമായ പ്രവൃത്തികള്‍ ബിഎന്‍എസിന്റെ 238, 239, 336 വകുപ്പുകള്‍ പ്രകാരം ശിക്ഷാര്‍ഹമാണെന്നും 1968ലെ ഓള്‍ ഇന്ത്യ സര്‍വീസസ് ചട്ടങ്ങളുടെ ലംഘനമാണെന്നും നോട്ടീസില്‍ പറയുന്നു.