‘സ്പ്രിങ്ക്ളർ കരാറില്‍ ദുരൂഹത ; സംസ്ഥാനത്തിന്‍റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധം; മുഖ്യമന്ത്രി മറുപടി പറയണം’ : ഉമ്മന്‍ ചാണ്ടി | Video

Jaihind News Bureau
Friday, April 17, 2020

സ്പ്രിങ്ക്‌ളർ കരാറിൽ പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കരാർ തയാറാക്കിയത് നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്നും കരാറില്‍ ദുരൂഹത നിലനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായുള്ളതാണ് കരാർ. നിയമവകുപ്പാണ് കരാര്‍ തയാറാക്കേണ്ടിയിരുന്നത്. എന്നാല്‍ നിയമ, ധന, ആരോഗ്യ വകുപ്പുകൾ ഒന്നും തന്നെ ഈ കരാര്‍ സംബന്ധിച്ച ഫയൽ കണ്ടിട്ടില്ല. കരാർ നിയമപരമായി നിലനിൽക്കുന്നതല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ആക്ഷേപം ഉന്നയിച്ച സമയത്ത് സർക്കാരിൽ കരാര്‍ സംബന്ധിച്ച ഒരു ഫയൽ പോലും ഉണ്ടായിരുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി. പിന്നീട് പ്രസിദ്ധീകരിച്ച  കരാർ രേഖ സൈറ്റിൽ നിന്ന് കമ്പനി കന്നെ പിൻവലിക്കുകയും ചെയ്തു.  കരാർ സംബന്ധിച്ച് നിലനില്‍ക്കുന്ന സംശയങ്ങളില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. കെ.പി.സി.സി ആസ്ഥാനത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു ഉമ്മന്‍ ചാണ്ടി.