ദേശീയ പൗരത്വ രജിസ്റ്റർ സംബന്ധിച്ച് സംസ്ഥാന സർക്കാർ നടപടികളിൽ ദുരൂഹത. സംസ്ഥാന സെൻസസ് ഡയറക്ടറേറ്റ് ജനസംഖ്യ പട്ടിക തയ്യാറാക്കുന്നതിനുള്ള നടപടികൾ തുടങ്ങി. ജനസംഖ്യാ പട്ടിക തയ്യാറാക്കുന്നത് പൗരത്വ രജിസ്റ്ററിന് മുന്നോടിയായാണ് എന്ന് പ്രതിപക്ഷത്തോടൊപ്പം മുഖ്യമന്ത്രിയും പറഞ്ഞതിന് പിന്നാലെയാണ് നടപടി.
ദേശീയ പൗരത്വരജിസ്റ്ററുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെല്ലാം നിർത്തിവയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിക്കുന്നതിനിടെ സെൻസസ് നടപടികളുമായി സംസ്ഥാന സെൻസസ് ഡയറക്ടറേറ്റ് മുന്നോട്ട് പോകുന്നു. ദേശീയ പൗരത്വ രജിസ്റ്ററിന്റെ മുന്നൊരുക്കമാണ് ജനസംഖ്യ രജിസ്റ്ററെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷവും ആവർത്തിക്കുന്നതിനിടെയാണ് 2021 ലെ സെൻസസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ ഫീൽഡ് ട്രെയ് നേഴ്സിനെ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കോളേജ് പ്രിൻസിപ്പൽമാർക്ക് സർക്കാർ കത്തയച്ച് തുടങ്ങിയത്. കോട്ടയം തഹസിൽദാർ ഡിസംബർ 30 ന് ഈ ആവശ്യം ഉന്നയിച്ച് അയച്ച കത്താണ് പുറത്തായിരിക്കുന്നത്.
പൗരത്വ നിയമത്തിനെതിരെ കേരളം കടുത്ത പ്രതിഷേധം ഉയർത്തുന്ന ദിനങ്ങളിൽ തന്നെയാണ് സംസ്ഥാന സെൻസസ് ഡയറക്ടറേറ്റിൽ നിന്നുള്ള നിർദേശത്തിന്‍റെ അടിസ്ഥാനത്തിലും കളക്ടറുടെ കത്തിന്‍റെ അടിസ്ഥാനത്തിലും കോളേജ് പ്രിൻസിപ്പൽമാർക്ക് കത്ത് നൽകിയിരിക്കുന്നത്.ദേശീയ പൗരത്വരജിസ്റ്ററുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കേരളത്തിൽ ആരംഭിച്ചതായുള്ള വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് ഈ പ്രവർത്തനങ്ങൾ.
https://youtu.be/Fi_PalCV9QQ