താനൂർ കസ്റ്റഡി മരണം; താമിർ ജിഫ്രിയുടെ മരണത്തിൽ ദുരൂഹത വർധിക്കുന്നു; ഗുരുതര ആരോപണവുമായി കുടുംബം

Jaihind Webdesk
Thursday, August 3, 2023

മലപ്പുറം: താനൂർ പോലീസിന്‍റെ കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട താമിർ ജിഫ്രിയുടെ മരണത്തിൽ ദുരൂഹത വർധിക്കുന്നു. പോലീസിനെതിരെ ഗുരുതര ആരോപണവുമായി മരിച്ച താമിർ ജിഫ്രിയുടെ കുടുംബം രംഗത്തെത്തി . യുവാവിനെ താനൂരിൽ നിന്ന് അർധരാത്രിയിൽ കസ്റ്റഡിയിലെടുത്തെന്ന പൊലീസ് വാദം തെറ്റാണെന്നും ചേളാരിയിൽ നിന്നും വൈകീട്ട് അഞ്ചുമണിക്ക് കസ്റ്റഡിയിലെടുത്തിരുന്നെന്നും കുടുംബം പറയുന്നു. മരണ കാരണം സംബന്ധിച്ച കെമിക്കൽ ലാബ് റിപ്പോർട്ട് ഇതുവരെ പുറത്ത് വന്നിട്ടില്ല.

ലഹരി മരുന്ന് കൈവശം വെച്ച താമിർ ജിഫ്രിയെയും മറ്റ് 4 പേരെയും താനൂർ ദേവദാർ പാലത്തിന് സമീപത്ത് വെച്ച് തിങ്കളാഴ്ച അർദ്ധരാത്രിയിൽ കസ്റ്റഡിയിലെടുത്തു എന്നായിരുന്നു പോലീസ് വാദം. എന്നാൽ താമസസ്ഥലത്ത് നിന്നും അടിവസ്ത്രത്തിലാണ് താമിർ ജിഫ്രിയെ കൊണ്ടു പോയതെന്നും ക്രൂരമായി മർദ്ദിച്ചെന്നും കുടുംബം ആരോപിക്കുന്നു. തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് ചേളാരിയിലെ താമസ സ്ഥലത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തതെന്ന് സുഹൃത്ത് വെളിപ്പെടുത്തിയെന്നും സഹോദരൻ പറയുന്നു. പ്രശ്നങ്ങൾ ഒന്നും ഇല്ല എന്ന് പറഞ്ഞ് പിന്നീട് രാത്രി 11 മണിക്ക് താമർ ജിഫ്രി സുഹൃത്തിനെ വിളിച്ചിരുന്നെന്നതായും സഹോദരൻ പറഞ്ഞു. പുലർച്ചെ മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ചിട്ടും ചൊവ്വാഴ്ച രാവിലെ പത്തരയോടെ മാത്രമാണ് വിവരം പോലീസ് ബന്ധുക്കളെ അറിയിച്ചത്.

പോലീസിന്‍റെ ആദ്യ മറുപടികളിൽ വൈരുദ്ധ്യം ഉണ്ടായിരുന്നെന്നും ആരോപണമുണ്ട്. പരപ്പനങ്ങാടി മജിസ്ട്രേറ്റിന് ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണവും പുരോഗമിക്കുകയാണ്. ആരോപണ വിധേയരായ 8 പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. അതേസമയം, താമിർ ക്രൂരമർദനത്തിനിരയായതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ സൂചനകൾ. ശരീരത്തിൽ ഇരുപതോളം പരിക്കുകൾ കണ്ടെത്തിയിട്ടുണ്ട്. ആമാശയത്തിൽനിന്ന് നേരിയ മഞ്ഞനിറമുള്ള ദ്രാവകം അടങ്ങിയ രണ്ട് പ്ലാസ്റ്റിക് കവറുകളും കണ്ടെത്തിയിരുന്നു. മാത്രമല്ല താനൂർ സ്റ്റേഷനിൽ പരിശോധന നടത്തിയ ക്രൈംബ്രാഞ്ച് സംഘം, താമിറിനെ സ്റ്റേഷനകത്ത് കിടത്തിയതെന്ന് കരുതുന്ന കട്ടിലിൽ നിന്ന് രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. ഇത് ഫൊറൻസിക് പരിശോധനയ്ക്ക് അയക്കും.