സഭാ ടിവിയോ സിപിഎം ടിവിയോ? മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജും ബിട്രേറ്റ് സൊല്യൂഷനും അനിതാ പുല്ലയിലും തമ്മിലുള്ള ബന്ധം എന്ത്? ചോദ്യങ്ങളുമായി വി.പി സജീന്ദ്രന്‍

Jaihind Webdesk
Tuesday, June 28, 2022

സഭാ ടി.വിയിലെ ദുരൂഹതകള്‍ ചൂണ്ടിക്കാട്ടി കെപിസിസി വൈസ് പ്രസിഡന്‍റ് വി.പി സജീന്ദ്രൻ. സഭാ ടിവിയും ബിട്രേറ്റ് സൊല്യൂഷനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജും അനിതാ പുല്ലയിലും തമ്മിലുള്ള ബന്ധമെന്തെന്ന് അദ്ദേഹം ചോദിച്ചു. സഭാ ടിവിക്ക് വേണ്ടി 2021 മെയ് മാസം വരെ 77 ജീവനക്കാരുടെ ശമ്പളമടക്കം ആകെ 1.72 കോടി രൂപയാണ് ഖജനാവിൽ നിന്ന് ചെലവഴിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് അവസാനിച്ച കരാറുകളൊന്നും പുതുക്കിയിട്ടില്ലെന്നിരിക്കെ ജേക്കബ് ജോർജ് ഡയറക്ടർ ആയുള്ള ബിട്രേറ്റ് കമ്പനിക്ക് മാത്രം കരാർ പുതുക്കി നല്‍കിയത് എങ്ങനെയെന്ന് വി.പി സജീന്ദ്രന്‍ ചോദിച്ചു. ഈ കമ്പനിയുടെ പ്രവർത്തനം തൃപ്തികരമല്ലെന്ന് കണ്ട് നിയമസഭ ഐ.ടി വിഭാഗം ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ജേക്കബ് ജോര്‍ജും അനിതാ പുല്ലയിലും ചേർന്ന് ഇത് മുക്കിയോ എന്നും അദ്ദേഹം ചോദിക്കുന്നു. ഇത് സഭാ ടിവിയോ സിപിഎം ടിവിയോ? ഇത് പൊതുജനത്തിന്‍റെ കാശാണ്. കാര്യങ്ങൾ സ്പീക്കർ പുറത്തു പറയണം. ചട്ടവും നിയമവും പറഞ്ഞ് സ്പീക്കർ ജനങ്ങളുടെ അവകാശത്തെ നിഷേധിക്കരുത് എന്നും വി.പി സജീന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണരൂപം:

മാധ്യമപ്രവർത്തകൻ ജേക്കബ് ജോർജ്ജ് ഡയറക്ടറായ സ്റ്റാർട്ടപ്പ് കമ്പനി ബിട്രെയിറ്റ് സൊലൂഷൻ ആണ് നിയമസഭാ നടപടികൾ ലൈവ് ചെയ്യുന്നത്. സഭാ ടിവിക്ക് വേണ്ടി 2021 മെയ് മാസം വരെ 77 ജീവനക്കാരുടെ ശമ്പളമടക്കം ആകെ 1,72,95043 ഖജനാവിൽ നിന്ന് ചിലവിട്ടു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് അവസാനിച്ച കരാറുകളൊന്നും പുതുക്കിയിട്ടില്ല. പക്ഷേ ഒടിടി കരാർ കമ്പനിയായ ജേക്കബ് ജോർജിന്റെ ബിട്രെയ്റ്റ് സൊലൂഷന്റെ കരാർ പുതുക്കി. അതും എഡിറ്റോറിയൽ നേതൃത്വത്തിന്റെ എതിർപ്പ് മറികടന്ന്.. ആരായിരുന്നു പിന്നിൽ ? അനിത പുല്ലിൽ ആണോ ?
സഭ ടിവിക്ക് ഒടിടി പ്ലാറ്റ്ഫോമുണ്ടാക്കാൻ വേണ്ടി ബിട്രെയിറ്റ് സൊലൂഷന് നൽകിയത് 51,96,000 രൂപ. അത് കൂടാതെ എല്ലാമാസവും സോഷ്യൽ മീഡിയ മാനേജ്മെന്റ് ചെയ്യുന്നതിന് ജേക്കബ് ജോർജിന്റെ കമ്പനിക്ക് പ്രതിമാസം രണ്ട് ലക്ഷം രൂപ വേറെയും നൽകി വരുന്നു. ഇത്രയൊക്കെയായിട്ടും പ്രവർത്തനം വിലയിരുത്താൻ തയ്യാറാക്കിയ 20 ഇന മാനദണ്ഡങ്ങളിൽ ഒന്നിനു പോലും ഒപ്പമെത്താൻ സ്ഥാപനത്തിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല പലപ്പോഴും എഡിറ്റോറിയൽ ടീമുമായി നിയമസഭാ സമുച്ചയത്തിനകത്ത് പരസ്യ പോർവിളിയിലേക്ക് വരെ കാര്യങ്ങളെത്താറുണ്ട്.
ഇതിനിടെയാണ് ലോക കേരള സഭാ വേദിയിലേക്ക് വിവാദ വനിത അനിതാ പുല്ലയിൽ എത്തിയത്. ഉന്നത ബന്ധവും സ്വാധീനവുമുള്ള ഈ വിവാദ വനിത കടന്നുവന്നത് സഭടിവി വഴിയാണ് എന്ന് ഇതിനോടകം തെളിഞ്ഞു കഴിഞ്ഞു.
ആരാണ് ഈ അനിതാ പുല്ലയിൽ ??
സഭ ടിവിയും ബിട്രേറ്റ് സൊലൂഷനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജും അനിതാ പുല്ലയും തമ്മിലുള്ള ബന്ധം എന്ത് ??
കേരള നിയമസഭയുടെ ഒടിടി സഹകാരി എന്ന നിലയിൽ ജേക്കബ് ജോർജ് ഡയറക്ടർ ആയുള്ള ഈ തട്ടിക്കൂട്ട് കമ്പനിയുടെ കാര്യക്ഷമതയും പ്രവർത്തനവും മതിയായ രീതിയിൽ തൃപ്തികരമല്ല എന്ന് കണ്ട് നിയമസഭാ ഐടി വിഭാഗം ഒരു കമ്മിറ്റി നിയോഗിച്ചു. എന്തായി അതും അനന്തപുരിയിൽ ഇരുന്ന് ജേക്കബ് ജോർജും അനിതാ പുല്ലയും ചേർന്ന് മുക്കിയോ ?
ആരെല്ലാമാണ് ഈ സ്ഥാപനത്തിലെ ജോലിക്കാർ അവരുടെ യോഗ്യത എന്താണ് ഈ സ്ഥാപനത്തിൻറെ എക്സ്പീരിയൻസ് എന്താണ് ? ഇത് സഭ ടിവിയോ സിപിഎം ടിവിയോ ?
ഇത് പൊതുജനത്തിന്റെ കാശാണ്. കാര്യങ്ങൾ സ്പീക്കർ പുറത്തു പറയണം ചട്ടവും നിയമവും പറഞ്ഞ് സ്പീക്കർ ജനങ്ങളുടെ അവകാശത്തെ നിഷേധിക്കരുത് ?
“മാധ്യമ ചർച്ചകളിൽ പിണറായിക്കു വേണ്ടി തകിൽ വായിച്ച് വെളുപ്പിച്ചെടുക്കുന്ന രാഷ്ട്രീയ നിരീക്ഷകനാണ് ഈ ജേക്കബ് ജോർജ്. ഉദ്ഷ്ട കാര്യത്തിന് ഉപകാര സ്മരണ ചെയുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞ ദശാവതാരവും വന്നു. ഇനി കലിയുഗം. അതാണ് സ്പീക്കർ ഉരുണ്ടു കളിക്കുന്നത്. അധികാരത്തിന്റെ ഇടനാഴികളിൽ അവതാരങ്ങളും മരിചികന്മാരും കുടിയിരിക്കുന്നു. അവരെ സ്പീക്കർ കരിനിയമത്തിൻറെ കീഴിൽ ഒളിപ്പിക്കാൻ ശ്രമിക്കുകയാണ്. ഇതിലെ കാണാചരടുകൾ പുറത്തു വരണം. എങ്കിലേ ബന്ധനം ഒഴിവാക്കുകയുള്ളൂ.
വി പി സജീന്ദ്രൻ. കെപിസിസി വൈസ് പ്രസിഡൻറ്.