KC VENUGOPAL| ആഴക്കടല്‍ മണല്‍ ഖനനവുമായി ബന്ധപ്പെട്ട ചോദ്യം ഒഴിവാക്കിയതില്‍ ദുരൂഹത; കേന്ദ്രത്തിന്‍റെ ഒളിച്ചുകളി ആരെ രക്ഷിക്കാനുള്ള ശ്രമമെന്ന് കെ. സി വേണുഗോപാല്‍ എം.പി

Jaihind News Bureau
Wednesday, August 6, 2025

ഇന്ന് ലോക്‌സഭയിലുണ്ടായത്, ജനാധിപത്യത്തോടുള്ള അവഹേളനവും മത്സ്യത്തൊഴിലാളി വിരുദ്ധ നയത്തില്‍ നിന്ന് പിന്മാറില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ പരസ്യമായ പ്രഖ്യാപനവും കൂടിയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. കേന്ദ്ര സര്‍ക്കാരിന്റെ മത്സ്യത്തൊഴിലാളി വിരുദ്ധ ആഴക്കടല്‍ മണല്‍ ഖനന പദ്ധതിക്കെതിരെ നിരന്തരമായി കോണ്‍ഗ്രസ് സമരമുഖത്താണെന്നും പലവട്ടം ഈ വിഷയം പാര്‍ലമെന്റില്‍ ഉയര്‍ത്തിക്കാണിച്ചിട്ടുമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോക്‌സഭയില്‍ ഇന്ന് ഉന്നയിക്കുവാനായി ആദ്യം ലിസ്റ്റ് ചെയ്തിരുന്നത് ആഴക്കടല്‍ മണല്‍ ഖനനവുമായി ബന്ധപ്പെട്ട രണ്ട് ഭരണപക്ഷ എംപിമാരുടെ ചോദ്യമാണ്. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ ഞാന്‍ ഈ വിഷയം സഭയുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് അവതരിപ്പിച്ചെങ്കിലും കൃത്യമായ മറുപടി നല്‍കാന്‍ കേന്ദ്രം തയ്യാറായിരുന്നില്ല. ഇന്ന് ഭരണപക്ഷ എംപിമാരില്‍ നിന്ന് വിഷയവുമായി ബന്ധപ്പെട്ട ചോദ്യമുണ്ടാകുമ്പോഴെങ്കിലും കേന്ദ്രത്തില്‍ നിന്ന് ഉത്തരവാദിത്തമുള്ള മറുപടി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നുണ്ടായ കാര്യങ്ങള്‍ അങ്ങേയറ്റം ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പൊതുവിടത്തില്‍ പോലും പ്രസിദ്ധീകരിച്ച ചോദ്യപ്പട്ടികയില്‍ നിന്ന് ഇന്ന് അവസാന നിമിഷം ആഴക്കടല്‍ മണല്‍ ഖനനവുമായി ബന്ധപ്പെട്ട ചോദ്യം ഒഴിവാക്കിയിരിക്കുന്നു. കൃത്യമായ വിശദീകരണമോ വ്യക്തതയോ ഇല്ലാതെയാണ് അവസാന നിമിഷം ഈ ചോദ്യം ഒഴിവാക്കപ്പെട്ടത്. പാര്‍ലമെന്റ് നടപടിക്രമങ്ങളുടെ സുതാര്യതയെത്തന്നെ ബാധിക്കുന്ന വിധത്തിലുള്ള നടപടിയാണിത്. ജനാധിപത്യ സംവിധാനത്തെ തന്നെ വെല്ലുവിളിക്കുകയാണ് ഇതുവഴി ചെയ്യുന്നത്. കേന്ദ്രത്തിന്റെ മത്സ്യത്തൊഴിലാളി പദ്ധതി പകല്‍വെളിച്ചത്തില്‍ പൊളിഞ്ഞുവീഴുമോ എന്ന ആശങ്കയെത്തുടര്‍ന്നാണോ ചോദ്യം ഒഴിവാക്കിയത്? മറുപടി നല്‍കേണ്ടത് സര്‍ക്കാരാണ്.

ചോദ്യം പിന്‍വലിച്ചത് കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ നടത്തുന്ന കള്ളക്കളിയുടെ തുടര്‍ച്ചയായ തെളിവാണിത്. യാതൊരു കൂടിയാലോചനകളില്ലാതെയും, പാരിസ്ഥിതിക ആഘാത പഠനം നടത്താതെയും ഏകപക്ഷീയമായി കടല്‍ മണല്‍ ഖനനം നടത്താന്‍ തുടക്കം മുതലേ ശ്രമം നടത്തിയ കേന്ദ്ര സര്‍ക്കാര്‍ നീക്കം തന്നെയാണ് ഈ ദുരൂഹമായ നടപടിക്ക് പിന്നിലെന്ന് സംശയിക്കേണ്ടതില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.