ആദിവാസി യുവാവിന്‍റെ ദുരൂഹ മരണം; ആത്മഹത്യയാണെന്ന് കണ്ടെത്തി അന്വേഷണം അവസാനിപ്പിക്കാനുള്ള ക്രൈം ബ്രാഞ്ച് നീക്കത്തിനെതിരെ കുടുംബം

Jaihind Webdesk
Saturday, January 20, 2024

 

വയനാട്: ഭാര്യയുടെ പ്രസവത്തിനായി കോഴിക്കോട് ഗവണ്‍മെന്‍റ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്‍റെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം ക്രൈം ബ്രാഞ്ച്അവസാനിപ്പിച്ചതിനെതിരെ കുടുംബം രംഗത്ത്.
വിശ്വനാഥന് ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഇല്ലെന്നും, ക്രൈം ബ്രാഞ്ച് അന്വേഷണ കണ്ടെത്തലിൽ അതൃപ്തിയുണ്ടെന്നും സഹോദരൻ വിനോദ് പറഞ്ഞു.

വിശ്വനാഥന്‍റെ മരണത്തിൽ അസ്വാഭാവികത നിലനിൽക്കുന്നുണ്ട്. അന്വേഷണം തുടക്കത്തിൽ തന്നെ അട്ടിമറിക്കപ്പെട്ടെന്ന് വിശ്വനാഥന്‍റെ ബന്ധുക്കള്‍ ആരോപിക്കുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണ കണ്ടെത്തലിൽ അതൃപ്തിയുണ്ടെന്നും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും വിശ്വനാഥന്‍റെ സഹോദരൻ പ്രതികരിച്ചു. ക്രൈം ബ്രാഞ്ചിന്‍റെ വിശദ റിപ്പോർട്ട് കിട്ടിയ ശേഷമാകും തുടർനടപടിയെന്ന് ആക്ഷൻ കൗൺസിൽ പ്രതികരിച്ചു. ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആക്ഷൻ കൗൺസിൽ കൺവീനർ ഡോ. പി.ജി. ഹരി പറഞ്ഞു.

കഴിഞ്ഞ വർഷം ഫെബ്രുവരി 9-നാണ് ദുരൂഹസാഹചര്യത്തിൽ വിശ്വനാഥനെ കോഴിക്കോട് മെഡിക്കൽ കോളേജിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഭാര്യയുടെ പ്രസവത്തിനായി കൂട്ടിരിപ്പുകാരനായി പോയ വിശ്വനാഥനെ ആളുകൾ കള്ളനെന്ന് ആരോപിച്ച് മർദ്ദിച്ചതായി ഭാര്യാമാതാവ് പ്രതികരിച്ചിരുന്നു. മരണത്തിൽ അസ്വാഭാവികത തോന്നിയ ബന്തുക്കളാണ് പോലീസിൽ പരാതി നൽകിയത്.