മൈസൂര്‍ പാക്കിനു പകരം ഇനി മൈസൂര്‍ ശ്രീ: മധുരപലഹാരപ്പേരുകളില്‍ നിന്ന് ‘പാക്’ ഒഴിവാക്കുന്നു

Jaihind News Bureau
Friday, May 23, 2025

ജയ്പൂര്‍: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം മുറുകിയതിനിടെ രാജസ്ഥാനിലെ ബേക്കറികള്‍ മധുരപലഹാര വിഭവങ്ങളുടെ പേരുകളില്‍ നിന്ന് ‘പാക്’ എന്ന വാക്ക് ഒഴിവാക്കുന്നു. മോത്തി പാക്, ആം പാക്, ഗോണ്ട് പാക്, മൈസൂര്‍ പാക് എന്നിങ്ങനെയുള്ള പ്രശസ്തമായ മധുരപലഹാരങ്ങള്‍ ഇനി യഥാക്രമം മോത്തി ശ്രീ, ആം ശ്രീ, ഗോണ്ട് ശ്രീ, മൈസൂര്‍ ശ്രീ എന്നീ പേരുകളിലാവും വില്‍ക്കപ്പെടുക . കൂടാതെ, ബിക്കാനേരി മോത്തി പാക് ഇപ്പോള്‍ ബിക്കാനേരി മോത്തി ശ്രീ എന്നും, ചാന്ദി ഭസ്മ പാക് ഇപ്പോള്‍ ചാന്ദി ഭസ്മ ശ്രീ എന്നും, സ്വര്‍ണ്ണ ഭസ്മ പാക് സ്വര്‍ണ്ണ ഭസ്മ ശ്രീ എന്നുമായിരിക്കും അറിയപ്പെടുക.

‘പാക്’ എന്ന വാക്ക് പാകിസ്ഥാനെ ഓര്‍മ്മിപ്പിക്കുന്നുവെന്നും നിലവിലെ സാഹചര്യത്തില്‍ ഇത് തങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും ഉപഭോക്താക്കള്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പേരുകളില്‍ മാറ്റം വരുത്തിയതെന്ന് കടയുടമകള്‍ പറയുന്നു.

എന്നാല്‍ ശ്രദ്ധേയമായ കാര്യം, മധുരപലഹാരങ്ങളിലെ ‘പാക്’ എന്ന വാക്കിന്റെ അര്‍ത്ഥം ‘പാകം ചെയ്തത്’ അല്ലെങ്കില്‍ ‘പക്വാന്‍’ (വിഭവം) എന്നാണ്. എന്നിരുന്നാലും, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായതോടെ ആളുകള്‍ ‘പാക്’ എന്ന വാക്കിനെ പാകിസ്ഥാനുമായി ബന്ധപ്പെടുത്താന്‍ തുടങ്ങി എന്നതാണ് യാഥാര്‍ത്ഥ്യം.
മധുരപലഹാരങ്ങളുടെ പേരുകളിലെ മാറ്റത്തെ ഉപഭോക്താക്കള്‍ സ്വാഗതം ചെയ്തിട്ടുണ്ടെന്നും രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ള ദേശസ്‌നേഹപരമായ നീക്കമാണിതെന്നും കടയുടമകള്‍ പറയുന്നു. മധുരപലഹാര വില്‍പ്പനക്കാരുടെ ഈ നീക്കത്തെ സോഷ്യല്‍ മീഡിയ ഉപയോക്താക്കളും അഭിനന്ദിക്കുന്നുണ്ട്. മധുരപലഹാരങ്ങളുടെ പേരുകളില്‍ ‘ശ്രീ’, ‘ഭാരത്’ തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കുന്നത് അഭിമാനം നല്‍കുന്നുവെന്നാണ് ആളുകളുടെ അഭിപ്രായം.

ഉപഭോക്താക്കള്‍ക്ക് പുറമെ, ജയ്പൂരിലെ സ്വീറ്റ്‌സ് അസോസിയേഷനിലെ നിരവധി അംഗങ്ങളും ഈ പേരുമാറ്റത്തെ പിന്തുണയ്ക്കുന്നുണ്ട്. താമസിയാതെ രാജസ്ഥാനിലുടനീളമുള്ള മധുരപലഹാരങ്ങളുടെ പരമ്പരാഗത പേരുകളില്‍ നിന്ന് ‘പാക്’ എന്ന വാക്ക് നീക്കം ചെയ്യപ്പെട്ടേക്കാം. ഏപ്രില്‍ 22 ന് 26 സാധാരണക്കാര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിരുന്നു. ഇതിന് മറുപടിയായി, മെയ് 7 ന് ഇന്ത്യ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ആരംഭിക്കുകയും പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒന്‍പത് ഭീകര ക്യാമ്പുകള്‍ നശിപ്പിക്കുകയും 100-ല്‍ അധികം ഭീകരരെ വധിക്കുകയും ചെയ്തിരുന്നു.