മലയാളിയും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ കണ്ണന് ഗോപിനാഥന് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കേന്ദ്രസര്‍ക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നയങ്ങളില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം സിവില്‍ സര്‍വീസില്‍ നിന്ന് രാജിവെച്ചത്. ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്നായിരുന്നു കണ്ണന് ഗോപിനാഥന് രാജി സമര്‍പ്പിച്ചത്. ജോലി ഉപേക്ഷിച്ച ശേഷം അദ്ദേഹം സര്‍ക്കാരിനെതിരെ നിരന്തരം പോരാട്ടത്തിലായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ മുംബൈയിലും ആഗ്രയിലും വെച്ച് അദ്ദേഹം അറസ്റ്റിലാവുകയും ചെയ്തിരുന്നു.
ഇന്ന് രാവിലെ 11.30-ന് എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് കണ്ണന് ഗോപിനാഥന് ഔദ്യോഗികമായി കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അദ്ദേഹത്തിന് അംഗത്വം നല്കി. കനയ്യ കുമാര്‍, പവന് ഖേര തുടങ്ങിയ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. അംഗത്വം സ്വീകരിച്ചതിന് പിന്നാലെ അദ്ദേഹം മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി തുടങ്ങിയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
അംഗത്വം സ്വീകരിച്ച ശേഷം ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്നായിരുന്നു കണ്ണന് ഗോപിനാഥന്റെ പ്രതികരണം. തന്റെ പങ്ക് എന്തായിരിക്കുമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ കണ്ണന് ഗോപിനാഥന് കോണ്‍ഗ്രസിലെത്തിയത് ശ്രദ്ധേയമാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ അദ്ദേഹത്തെ പരിഗണിക്കാനുള്ള സാധ്യതകളുണ്ട്.