എം.വി ജയരാജന്‍ ഉപരോധം നടത്തേണ്ടത് കൊച്ചി കോര്‍പ്പറേഷനില്‍ – മാര്‍ട്ടിന്‍ ജോര്‍ജ്ജ്

Jaihind Webdesk
Tuesday, March 14, 2023

കണ്ണൂര്‍ : കോര്‍പ്പറേഷനെതിരെ ദുരാരോപണങ്ങള്‍ ഉന്നയിച്ച് സമരം നടത്താന്‍ തുനിയുന്ന എം.വി ജയരാജനും കൂട്ടരും കൊച്ചിന്‍ കോര്‍പ്പറേഷനിലേക്കാണ് ആദ്യം മാര്‍ച്ച് നടത്തേണ്ടതെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്‍റ് മാര്‍ട്ടിന്‍ ജോര്‍ജ്ജ് . അവിടെ കോര്‍പ്പറേഷന്‍ ഭരണത്തിന്‍റെ കെടുകാര്യസ്ഥതയും അഴിമതിയും മൂലം ജനങ്ങള്‍ ശ്വാസം കിട്ടാതെ കൊച്ചി വിട്ട് പോവുകയാണ്. സോണ്‍ട എന്ന വൈക്കം വിശ്വന്‍റെ മരുമകന്‍റെ കമ്പനിയെ രക്ഷിക്കാന്‍ ബ്രഹ്മപുരത്ത് തീയിട്ടിരിക്കുകയാണ്. ബ്രഹ്മപുരത്ത് സര്‍ക്കാരിനെയും കൊച്ചിന്‍ കോര്‍പ്പറേഷനെയും സി പി എം പാര്‍ട്ടിയെയും ആകെ മൂടിയ അഴിമതിയുടെ വലിയ പുക മറച്ച് വെച്ച് ജനക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന കണ്ണൂര്‍ കോര്‍പ്പറേഷനെതിരെ ആരോപണങ്ങളും സമരങ്ങളുമായി രംഗത്ത് വരുന്നത് പൊതു ജനം പുച്ഛിച്ചു തള്ളുന്നതാണെന്നും മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

മോദിയെ പോലെ ജയരാജനും അദാനിക്കുവേണ്ടി വാദിക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ യാതൊരുവിധ അനുമതിയും കൂടാതെ റോഡുകള്‍ വെട്ടിപ്പൊളിക്കാന്‍ ഗെയിലിന് അനുമതി നല്‍കിയതിനെയാണ് യു.ഡി.എഫ് എതിര്‍ത്തത്. സാധാരണ ജനങ്ങള്‍ക്ക് കുടിവെള്ള കണക്ഷന്‍ എടുക്കുന്നതിനുവേണ്ടി റോഡ് കീറുന്നതിന് പോലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഫീസ് ഈടാക്കുമ്പോഴാണ് അദാനിക്കുവേണ്ടി ഇത്തരത്തില്‍ സൗജന്യം ചെയ്യുന്നത്.
വിജിലന്‍സ് റെയ്ഡിനെപ്പറ്റി ജയരാജന്‍ പറയുമ്പോള്‍ എല്‍.ഡി.എഫ് ഭരിക്കുന്ന തിരുവനന്തപുരത്തും കോഴിക്കോടും കോര്‍പ്പറേഷനുകളില്‍ നടന്ന നികുതി തട്ടിപ്പും ബാങ്ക് അക്കൗണ്ടിലെ തട്ടിപ്പും മറന്നുപോകരുത്. മാലിന്യ സംസ്കരണത്തിന്‍റെ മറവിൽ നടത്തിയ അഴിമതിയുടെ പേരില്‍ കൊച്ചി കോര്‍പ്പറേഷനെ ഹൈക്കോടതി പോലും വിമര്‍ശിച്ചതാണ്.
സര്‍ക്കാരിന്‍റെ പല നിയന്ത്രണങ്ങളും പദ്ധതി അംഗീകരിക്കുന്നതിനും ഫണ്ട് അനുവദിക്കുന്നതിനുമുള്ള എല്ലാ കാലതാമസത്തെയും അതിജീവിച്ച് ഈ വര്‍ഷം നാല്‍പ്പത് ശതമാനം പദ്ധതി പൂര്‍ത്തിയായിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും 80 ശതമാനത്തിനു മുകളില്‍ ചെലവഴിച്ചിട്ടുണ്ട്. സര്‍ക്കാരിന്‍റെ സാമ്പത്തിക നിയന്ത്രണങ്ങള്‍ മൂലം മിക്ക തദ്ദേശസ്ഥാപനങ്ങളും ഈ വര്‍ഷം ഫണ്ട് വിനിയോഗത്തില്‍ വളരെ പിറകിലാണ്.
സോണ്‍ടയുടെ പേരില്‍ സി പി എം ഭരിക്കുന്ന കൊച്ചിന്‍ കോര്‍പ്പറേഷന്‍ അഴിമതിയുടെ മാലിന്യത്താല്‍ നാറുമ്പോള്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ സോണ്‍ട എന്ന തട്ടിപ്പു കമ്പനിയെ അകറ്റി നിര്‍ത്തി വളരെ നല്ല രീതിയില്‍ ചേലോറയില്‍ മാലിന്യ നീക്കം പുരോഗമിക്കുന്നുണ്ട്. 50 ശതമാനത്തോളം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം അവിടം സന്ദര്‍ശിച്ച് ചീഫ് എന്‍വയോണ്‍മെന്‍റല്‍ എഞ്ചിനീയര്‍ ഇത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
പണമുണ്ടാക്കാൻ സി പി എം ഏത് കൊള്ളരുതായ്മകളും ചെയ്യുമെന്നതിന്‍റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ് ബ്രഹ്മപുരം മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ഇപ്പൊ നടക്കുന്ന സംഭവ വികാസങ്ങൾ നമുക്ക് കാണിച്ചു തരുന്നത് . സോണ്‍ടയുടെ പേരില്‍ സര്‍ക്കാരും, സി പി എമ്മും പാര്‍ട്ടി ഭരിക്കുന്ന കോര്‍പ്പറേഷനുകളും ആകെ നാറി നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരം സമര നാടകങ്ങളുമായി സി പി എം മുന്നോട്ട് വരുന്നത് എന്നത് ജനങ്ങള്‍ക്ക് നന്നായി മനസ്സിലാകുമെന്ന് മാർട്ടിൻ ജോർജ്ജ് പറഞ്ഞു .