എംവി ജയരാജന് രണ്ടാമൂഴം; സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തുടരും

Jaihind Webdesk
Sunday, December 12, 2021

 

കണ്ണൂർ : സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എംവി ജയരാജനെ വീണ്ടും തെരഞ്ഞെടുത്തു. ഏകകണ്ഠമായാണ് കണ്ണൂർ ജില്ലാ സമ്മേളനം ജയരാജനെ വീണ്ടും തെരഞ്ഞെടുത്തത്.

2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജൻ വടകരയിൽ സ്ഥാനാർത്ഥിയായതോടെയാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എംവി ജയരാജൻ തൽസ്ഥാനത്തേക്ക് വരുന്നത്. മാടായി എരിപുരത്ത് നടക്കുന്ന സിപിഎം കണ്ണൂർ ജില്ലാ സമ്മേളനമാണ് എംവി ജയരാജനെ വീണ്ടും ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

അതേസമയം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രവർത്തന റിപ്പോർട്ടിൽ കണ്ണൂർ ജില്ലാ ഘടകവുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളിലുണ്ടായ വീഴ്ചകൾക്കെതിരെ രൂക്ഷ വിമർശനം ഉയർന്നു. പേരാവൂരിലെ ചിട്ടി തട്ടിപ്പ് ഉൾപ്പെടെയുള്ള സംഭവങ്ങളിലും സ്വർണ്ണക്കടത്ത് ലോബിയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും സമ്മേളനത്തിൽ  വിമർശനം ഉയർന്നിരുന്നു. സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘങ്ങള്‍ പാര്‍ട്ടിയെയും ചില നേതാക്കളെയും മുതലെടുത്തെന്നും ഇത് തടയാന്‍ നേതാക്കള്‍ക്കായില്ലെന്നും പ്രതിനിധികൾ വിമർശിച്ചു.