കായിക മന്ത്രിയെ വിമര്‍ശിച്ച് എംവി ജയരാജന്‍; ‘പട്ടിണിക്കാരും അല്ലാത്തവരും കാണേണ്ട കളിയാണ് ക്രിക്കറ്റ്’

Jaihind Webdesk
Monday, January 16, 2023

കണ്ണൂര്‍: കായിക മന്ത്രിയെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ എം വി ജയരാജൻ. “പട്ടിണി കിടക്കുന്നവർ കളികാണേണ്ട” എന്ന കായിക മന്ത്രി അബ്ദുറഹ്മാന്‍റെ പരാമർശത്തെയാണ് എം വി ജയരാജന്‍ വിമര്‍ശിച്ചത്. പട്ടിണിക്കാരനും അല്ലാത്ത വരും കാണേണ്ട കളിയാണ് ക്രിക്കറ്റെന്ന് പറഞ്ഞ എം വി ജയരാജൻ, പട്ടിണി പാവങ്ങൾ കളി കാണേണ്ട എന്ന് പറയരുതെന്നും വിമര്‍ശിച്ചു.

ഇതോടെ കാര്യവട്ടത്തെ ടിക്കറ്റ് വിവാദത്തിൽ കായിക മന്ത്രി വി അബ്ദു റഹിമാനെതിരെ  വിമർശനം ശക്തമാവുകയാണ്.  കായിക മന്ത്രി പരാമർശം പിൻവലിച്ച് മാപ്പ് പറയണം. പട്ടിണി കിടക്കുന്നവർ കളി കാണാൻ വരണ്ട എന്ന കായിക മന്ത്രിയുടെ പ്രസ്താവന വേദനിപ്പിക്കുന്നതാണ്. അഹങ്കാരത്തിന്‍റെയും ധിക്കാരത്തിന്‍റെയും സ്വരമാണ് മന്ത്രിക്കെന്ന്  പ്രതിപക്ഷ നേതാവ്  വിഡി സതീശന്‍ കുറ്റപ്പെടുത്തി.  സർക്കാരിന്‍റെ തെറ്റായ നയങ്ങൾ മൂലമാണ് കാര്യവട്ടം ഏകദിനത്തിൽ കാണികൾ കുറഞ്ഞതെന്നും കായിക മന്ത്രി കുറേക്കൂടെ ജാഗ്രത പാലിക്കേണ്ടതായിരുന്നുവെന്നും  രമേശ് ചെന്നിത്തലയും പറഞ്ഞു.