വൈരുദ്ധ്യാത്മക ഭൗതികവാദം: സി പി എമ്മിനെ വെട്ടിലാക്കി എം വി ഗോവിന്ദന്‍റെ പ്രസ്താവന; ഗോവിന്ദന്‍റെ പ്രസ്താവന തിരിച്ചടയാകുമെന്ന ആശങ്കയിൽ ഇടതു മുന്നണി; ആരും പിന്തുണയ്ക്കാതായതോടെ ഒറ്റപ്പെട്ട് റോവിന്ദൻ

Jaihind News Bureau
Sunday, February 7, 2021

തിരുവനന്തപുരം: വൈരുദ്ധ്യതാമിക ദൗതിക വാദം ഇന്ത്യയിൽ പ്രായോഗികമല്ലെന്നും വിശ്വാസികളെ അംഗീകരിച്ച് കൊണ്ടുമാത്രമേ ഏത് വിപ്ലവ പാർട്ടിക്കും മുന്നോട്ട് പോകാനാവൂ എന്നുമുളള സിപിഎം കേന്ദ്ര കമ്മറ്റിയംഗം എം.വി ഗോവിന്ദന്‍റെ പ്രസ്താവന സി.പി.എമ്മിനെ വെട്ടിലാക്കി.

ശബരിമല വിഷയത്തിൽ സിപിഎമ്മും സംസ്ഥാന സർക്കാരും പഴയ നിലപാടിൽ ഉറച്ച് നിൽക്കുന്നുണ്ടോയെന്നതടക്കമുള്ള ചോദ്യങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് എം.വി ഗോവിന്ദന്‍റെ പ്രസ്താവന ഉണ്ടായത്. ഇത് സിപിഎമ്മിന് തിരിച്ചടിയായി. വിഷയം കൈവിട്ട് പോകുമോ എന്ന ആശങ്കയിൽ പാർട്ടിയുടെ പ്രമുഖ നേതാക്കളാരും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

എന്നാൽ പ്രസ്താവനയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. ‘കമ്മ്യൂണിസ്റ്റ് പാർട്ടിയെന്ന് പറയാൻ പോലും കഴിയാത്ത സ്ഥിതിയിൽ സിപിഎം മാറികൊണ്ടിരിക്കുകയാണ്. കമ്മ്യൂണിസത്തെ തന്നെ സി പി എം ചവറ്റുകൊട്ടയിലെറിഞ്ഞ സാഹചര്യത്തിൽ വൈരുദ്ധ്യാത്മക ഭൗതികവാദത്തിന് പ്രസക്തിയില്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞത് ശരിയാണ്. കേരളത്തിലെ സി പി എമ്മും കമ്മ്യൂണിസ്റ്റ് പാർട്ടിയും തമ്മിൽ കടലും കടലാടിയും തമ്മിലുള്ള വ്യത്യാസമുണ്ടെന്നുമായിരുന്നു ചെന്നിത്തലയുടെ പരിഹാസം.

കെ.സുധാകരൻ എം.പിയും എം.വി ഗോവിന്ദന് എതിരെ രംഗത്തെത്തി. ‘ഇതു വരെ പറഞ്ഞ കാര്യങ്ങളൊക്കെ തെറ്റായിരുന്നു എന്ന് തുറന്ന് സമ്മതിക്കലാണ് പ്രസ്താവന. എംവി ഗോവിന്ദന് നേർ ബുദ്ധി വന്നത് ഇപ്പോഴാണ്. പാർട്ടി ക്ലാസുകൾ നടത്തുന്ന ആൾക്കുണ്ടായ തിരിച്ചറിവാണ് ഇത്’ – സുധാകരൻ പറഞ്ഞു.

ഇടതുപക്ഷ അനുകൂല അദ്ധ്യാപക സംഘടനയുടെ കണ്ണൂർ ജില്ലാസമ്മേളനത്തിലായിരുന്നു എംവി ഗോവിന്ദന്‍റെ പ്രസ്താവന. ‘വൈരുദ്ധ്യാത്മക ഭൗതികവാദം ഇന്ത്യയിൽ പ്രായോഗികമല്ല. അതിനുള്ള സാഹചര്യം ഇവിടെ ഇല്ല. ഇന്ത്യയിൽ ഏത് സാധാരണ മനുഷ്യനും ജനിക്കുന്നത് ഹിന്ദുവായാണ്. അല്ലെങ്കിൽ മുസ്ലിമോ പാഴ്സിയോ സിക്കോ ആയി. അത്തരം സമൂഹത്തിൽ ഭൗതിക വാദം പകരം വയ്ക്കാനാവില്ല’ – എന്നിങ്ങനെയായിരുന്നു പ്രസ്താവന.