‘നരേന്ദ്രമോദി ഫാസിസ്റ്റല്ല’ എന്ന കണ്ടുപിടിത്തത്തിനു ശേഷം സിപിഎം അവതരിപ്പിക്കുന്ന പുതിയ സിദ്ധാന്തമാണ് ‘ ചുവപ്പു നിറം പോസിറ്റീവല്ല’ എന്നത്. അവതരിപ്പിച്ചത് പതിവു പോലെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ . ഒരു നിറത്തില്‍ എന്തിരിക്കുന്നു എന്നൊന്നും ആരും ഇതുവരെ ചോദിച്ചിട്ടില്ല, പക്ഷേ ഇപ്പോള്‍ ചിലരൊക്കെ ഇതു ചോദിച്ചു തുടങ്ങിയിട്ടുണ്ട് . ചുവപ്പോ…അതോ കാവിയോ ? സിപിഎമ്മിന്റെ പുതിയ കെട്ടിടത്തിന്റെ നിറത്തെ കുറിച്ചുളള ചര്‍ച്ച പ്രത്യയശാസ്്ത്രപരമാകുന്നത് അങ്ങനെയാണ്. എം വി ഗോവിന്ദന്‍ പറയുന്നത് അത് ഒരു ആധുനിക കളറാണെന്നാണ്. വാസ്തു ശില്പത്തെ കുറിച്ചു ധാരണയില്ലാത്തവരാണ് കെട്ടിടത്തിന്റെ നിറത്തെ കുറിച്ച് അഭിപ്രായങ്ങള്‍ പറയുന്നതും അതില്‍ വിവാദം കണ്ടെത്തുന്നതുമെന്നുമൊക്കെ ഗോവിന്ദന്‍ പറയുന്നു. ഈ കളറിനെ കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ല എന്നാണ് ആ പറച്ചിലിന്റെ ധ്വനി. പക്ഷേ, സഖാവേ നാട്ടുകാര്‍ക്ക് എല്ലാം മനസ്സിലാകും. പക്ഷെ നിങ്ങളുടെ വ്യാഖ്യാനങ്ങള്‍ക്ക് അനുസരിച്ചു മാത്രം ചിന്തിക്കണം എന്നു വാശിപിടിക്കരുത്
‘നരേന്ദ്രമോദി ഫാസിസ്റ്റല്ല എന്ന് അണികളെ പറഞ്ഞു മനസ്സിലാക്കാന്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ഒന്നടങ്ങം ഇറങ്ങിയപ്പോള്‍ തന്നെ ചില സൂചനകള്‍ കിട്ടിയിരുന്നു. സംസ്ഥാന സമ്മേളനത്തിന്റെ നവകേരളത്തിന്റെ പുതു വഴി കാട്ടിയപ്പോള്‍ ഈ നിറം മാറ്റം കൂടുതല്‍ വ്യക്തമായി. അതുകൊണ്ടു തന്നെ ഇതൊന്നും ആര്‍്ക്കും അപ്രതീക്ഷിതമല്ല.ആ അന്തര്‍ധാര ആരും പ്രതീക്ഷിച്ചതു തന്നൊണ്.
അതു ചുവപ്പല്ല, സിപിഎം പാര്‍ട്ടിയുടെ കളര്‍ ചുവപ്പാണെന്നു നിങ്ങളോട് ആരാണ് പറഞ്ഞത് ? മാധ്യമ പ്രവര്‍ത്തകരോട് എം വി ഗോവിന്ദന്‍ ചോദിച്ചതാണ്. ആരും പറഞ്ഞതല്ല, നിങ്ങള്‍ തന്നെയാണ് അതു പറഞ്ഞു പരത്തിക്കൊണ്ടിരുന്നത്. നിങ്ങളുടെ കവികളാണ് അതിനെ കുറിച്ചുപാടിയത്. നിങ്ങളുടെ മുദ്രാവാക്യങ്ങളാണ് അതു വിളിച്ചു കൂവിയത്. ചുവന്ന പൂക്കളും രക്തപതാകയും , അരുണനിറവും, ചെങ്കൊടിയും മണ്ണാങ്കട്ടയുമെല്ലാം അതിനെക്കുറിച്ചല്ലായിയിരുന്നോ സഖാവേ. ഇതെല്ലാം കഴിഞ്ഞു ചോദിക്കുന്നതു കേള്‍ക്കുമ്പോള്‍ ഗോവിന്ദന്‍ ഇതുവരെ ബഹിരാകാശത്തായിരുന്നോ എന്നു തോന്നും.
സിപിഎമ്മിന്റെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള വാര്‍ത്താ സമ്മേളനത്തിലാണ് കെട്ടിടത്തിന്റെ കളര്‍ സംബന്ധിച്ചു ചോദ്യമുയര്‍ന്നത്. കെട്ടിടത്തിനു കാവി കളറാണെന്ന അഭിപ്രായമുയര്‍ന്നതു സംബന്ധിച്ചായിരുന്നു ചോദ്യം. അതിനു മറുപടി പക്ഷേ വൈരുദ്ധ്യാത്മക അധിഷ്ഠിതമായിരുന്നില്ല. ‘ ഞാന്‍ പറഞ്ഞില്ലേ പോസിറ്റിവായ കാര്യങ്ങള്‍ മാത്രം ചര്‍ച്ച ചെയ്താല്‍ മതി. വാസ്തു ശില്‍പ്പത്തെപറ്റി ധാരണ ഇല്ലാത്ത ആളുകള്‍ നിരവധിയായ കാര്യങ്ങള്‍ പറഞ്ഞു കൊണ്ടേയിരിക്കും. അതൊക്കെ ആധുനിക കളറാണ്. പാര്‍ട്ടി കളര്‍ ചുവപ്പാണെന്നു നിങ്ങളോട് ആരാണ് പറഞ്ഞത്. കൊടിയുടെ കളറല്ലല്ലോ പാര്‍ട്ടി എന്നു പറയുന്നത്.’
അപ്പോള്‍ ആധുനിക കളറാണ് ഉപയോഗിച്ചത് എന്നു സെക്രട്ടറി സമ്മതിക്കുന്നു. ആധുനികത കടന്നു വരണമെന്നും കാറ്റും വെളിച്ചവുമൊക്കെ തലച്ചോറിലും വീശണമെന്നുമൊക്കെയുള്ള വെളിപാട് നല്ലതാണ്. ആധുനികത കടന്നു വരുമ്പോള്‍ ചുവപ്പ് നിറം പഴഞ്ചനായി മാറുന്നു. ചുവപ്പു നിറത്തെ തള്ളുന്നതോടെ കമ്യൂണിസ്റ്റുകാര്‍ വീരാരാധന നടത്തുന്ന പ്രത്യയശാസ്ത്രങ്ങളും പഴങ്കഞ്ഞിയാണെന്നു ഗോവിന്ദന്‍ സമ്മതിക്കുകയാണ് . ഉടനെ തന്നെ പഴയ ചെങ്കൊടി മാറ്റി പുതിയ കാലത്തിനു ചേരുന്ന ആധുനിക കൊടി പ്രാബല്യത്തിലാക്കും. സ്വല്പം പഴങ്കഞ്ഞി എടുക്കട്ടേ എന്ന ചോദ്യമാണിപ്പോള്‍ കേള്‍ക്കുന്നത്. ഇത്രമാത്രമല്ല, ഭൗതികവാദത്തിന്റെ ആണിക്കല്ലുകള്‍ ഇളക്കുന്ന മറുപടികളാണ് തുടര്‍ന്നുണ്ടായത് . കമ്യൂണിസറ്റ് സെക്രട്ടറി ഗോവിന്ദന്‍ പറയുന്നു, ‘ കെട്ടിടത്തിന്റെ ഉള്ളില്‍ ആരെങ്കിലും ചുവപ്പടിക്കാറുണ്ടോ. പോസിറ്റീവ് എനര്‍ജി കിട്ടുന്ന നിറം ഏതാണ് എന്നാണു ചോദിച്ചത്. മനഃശാസ്ത്രപരമായി അടിക്കാന്‍ പറ്റുന്ന ഏറ്റവും നല്ല നിറം എതാണ്. അതു ചുവപ്പല്ല. അതല്ല എന്നു എല്ലാവര്‍ക്കും അറിയാമല്ലോ’ അദ്ദേഹം വ്യക്തമാക്കി.
പോസിറ്റീവ് എനര്‍ജിയിലും നെഗറ്റീവ് ശക്തികളിലുമൊക്കെ വിശ്വാസമുള്ള സെക്രട്ടറിയുടെ നവോത്ഥാനചിന്തകള്‍ക്ക് എന്താണ് കമ്യൂണിസ്റ്റ് ആരോഗ്യം എന്നൊന്നും ആരും ചിന്തിച്ചുകളയരുത്. ഈ പാര്‍്ട്ടിയെ കുറിച്ച് നിങ്ങള്‍ക്കൊന്നും ഒരു ചുക്കും അറിയില്ല. പ്രത്യക്ഷത്തില്‍ ചുവപ്പും കാവിയും രണ്ടായി തോന്നുമെങ്കിലും അവര്‍ ഒന്നാണ് സുഹൃത്തുക്കളെ…ചുവപ്പ് നരച്ചാല്‍ കാവി ആണല്ലോ..