ആശാ സമരത്തെ അപഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സമരത്തിനു പിന്നില്‍ കമ്യൂണിസ്റ്റ് വിരുദ്ധ മഴവില്‍ സഖ്യം. ചെയ്യുന്നത് ഇടതു വിരുദ്ധ സമരമാണ് ഇതിനായി ആശാവര്‍ക്കര്‍മാരെ ഉപയോഗിക്കുകയാണെന്നും സിപിഎം സെക്രട്ടറി കുറ്റപ്പെടുത്തി. സര്‍ക്കാര്‍ വിരുദ്ധ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നവരാണ് സമരത്തിന് പിന്നില്‍. ആശാ വര്‍ക്കര്‍മാരെ ഉപയോഗിച്ച് എസ് യുസിഐയും ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയും മാധ്യമങ്ങളും ചേര്‍ന്ന് നടത്തുന്ന സമരത്തെ രാഷ്ട്രീയമായി തുറന്നുകാണിക്കുമെന്നും എംവി ഗോവിന്ദന്‍ തിരുവനന്തപുരത്തു പറഞ്ഞു.
മന്ത്രി വീണാ ജോര്‍ജ്ജിനെ ന്യായീകരിക്കാനായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഉടനീളം ആശാ സമരത്തെ ഇകഴ്ത്തിക്കാട്ടാനാണ് സിപിഎം സംസ്ഥാന സെക്രട്ടറി സമയം ചെലവാക്കിയത്. മന്ത്രി വീണാ ജോര്‍ജ്ജ് സമരത്തെ കൈകാര്യം ചെയ്യുന്ന രീതിയിലും ശൈലിയിലും പാര്‍ട്ടിക്കുള്ളില്‍ തന്നെ പരക്കെ മുറുമുറുപ്പുകള്‍ ഉയരുന്നുണ്ട്. മാദ്ധ്യമപ്രവര്‍ത്തരുടെ മുന്നില്‍ ഉത്തരമില്ലാതെ തര്‍ക്കുത്തരങ്ങളിലൂടെ പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്നതാണ് രണ്ടു ദിവസമായി കേരളം കണ്ടു കൊണ്ടിരിക്കുന്നത്. ഒരു പൊതുപ്രവര്‍ത്തകന് ഉണ്ടായിരിക്കേണ്ട മിനിമം സത്യസന്ധത പോലും അവരുടെ വാക്കുകളില്‍ ഇല്ലാതെ പോകുന്നു. ഇതിനെ വെള്ളപൂശാനാണ് പാര്‍ട്ടി സെക്രട്ടറി തന്നെ രംഗത്തിറങ്ങിയിരിക്കുന്നത്.
ആശ വര്‍ക്കര്‍മാരുടെ സമരം ജനാധിപത്യപരമാണെന്ന് ഗോവിന്ദന്‍ പറഞ്ഞു. പക്ഷെ ആ സമരം എന്താണ് ലക്ഷ്യം വെക്കുന്നുവെന്നതില്‍ സിപിഎമ്മിന് നല്ല ധാരണയുണ്ട്. അത് ഇടതുവിരുദ്ധ സമരമാക്കി മാറ്റാനാണ് മാധ്യമങ്ങളും ബൂര്‍ഷ്വാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ശ്രമിക്കുന്നത്. ഐഎന്‍ടിയുസി ആ സമരത്തില്‍ ഇല്ല. എന്നാല്‍ യുഡിഎഫ് അതിന്റെ പിന്നിലാണ്. ബിജെപി അതിന്റെ പിന്നിലാണ്. ശരിയായ മഴവില്‍ സഖ്യം അതിന്റെ ഭാഗമായി വന്നിട്ടുണ്ട്. മാധ്യമങ്ങളും അതിനൊപ്പമാണെന്നും ഗോവിന്ദന്‍ പറഞ്ഞു.
ആശാവര്‍ക്കമാരുടെ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരാണ് കൈകാര്യം ചെയ്യേണ്ടത്. ഏറ്റവും കൂടുതല്‍ പണം കൊടുക്കുന്നത് കേരളത്തിലാണ്. അവിടെയാണ് ഇത്തരത്തില്‍ സമരം നടക്കുന്നത്. പന്ത് കേന്ദ്രത്തിന്റെ കോര്‍ട്ടിലാണ് ഉള്ളത്. അവര്‍ വ്യക്തമായ തീരുമാനമെടുത്താല്‍ കേരളം സാധ്യമായതെല്ലാം ചെയ്യുമെന്നും ഗോവിന്ദന്‍ പറഞ്ഞു.