‘ദാരിദ്ര്യം പറഞ്ഞ് വോട്ടു നേടി, ആർഭാട വിവാഹം ജനങ്ങളെ അകറ്റി’ ; എൽദോ എബ്രഹാമിന്‍റെ തോല്‍വിയില്‍ സിപിഐ, വിമർശനം

Jaihind Webdesk
Monday, September 13, 2021

തിരുവനന്തപുരം : സിറ്റിങ് സീറ്റായ മൂവാറ്റുപുഴയിലെ തോൽവിക്കു കാരണം എൽദോ ഏബ്രഹാം എംഎൽഎയുടെ ആർഭാട വിവാഹമെന്ന് സിപിഐ ജില്ലാ കൗൺസില്‍. വിവാഹം ലളിതമായി നടത്തണമെന്ന് എൽദോയോട് ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ലെന്നു ജില്ലാ കൗൺസിലിന്‍റെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് അവതരിപ്പിച്ചു സംസ്ഥാന കൗൺസിലിൽ ജില്ലാ സെക്രട്ടറി പി.രാജു പറഞ്ഞു.

ദാരിദ്ര്യം പറഞ്ഞു വോട്ടു നേടി തെരഞ്ഞെടുപ്പിൽ ജയിച്ച എൽദോ രണ്ടാം തെരഞ്ഞെടുപ്പിനു തൊട്ടു മുൻപു നടത്തിയ ആർഭാട വിവാഹം ജനങ്ങളെ അകറ്റിയതായി ജില്ലാ കൗൺസിലിന്‍റെ തെരഞ്ഞെടുപ്പ് അവലോകനത്തിൽ പറയുന്നു. സിപിഎമ്മിനെതിരെ സമരത്തിന് എംഎൽഎയെ മുന്നിൽ നിർത്തിയതും ലാത്തിച്ചാർജിൽ എംഎൽഎയുടെ കൈ ഒടിഞ്ഞതായി തെറ്റായ പ്രചാരണം നടത്തിയതും ദോഷം ചെയ്തു. സിപിഎം ഒന്നടങ്കം എംഎൽഎക്ക് എതിരായി. എംഎൽഎ ഇടപെടേണ്ട കാര്യമോ പൊലീസ് കമ്മിഷണർ ഓഫിസിലേക്കു മാർച്ച് നടത്തി സ്വയം അപഹാസ്യരാവേണ്ട ആവശ്യമോ ഉണ്ടായിരുന്നില്ലെന്നും ജില്ലാ കൗൺസിലില്‍ വിമർശനം.