വനംകൊള്ള : ഉദ്യോഗസ്ഥ വീഴ്ച കണ്ടെത്തിയ ഡി.എഫ്.ഒ പി. ധനേഷ് കുമാറിനെ അന്വേഷണ സംഘത്തില്‍ നിന്നും മാറ്റി

Jaihind Webdesk
Friday, June 11, 2021

തിരുവനന്തപുരം : മുട്ടില്‍ വനംകൊള്ള കേസ് അന്വേഷണ സംഘത്തില്‍ നിന്നും ഡി.എഫ്.ഒ പി. ധനേഷ് കുമാറിനെ മാറ്റി. പുനലൂര്‍ ഫ്ലൈയിങ് സ്‌ക്വാഡ് ഡിഎഫ്ഒ ബൈജു കൃഷ്ണനാണ് പകരം ചുമതല. അന്വേഷണത്തിന് ഫോറസ്റ്റ് വിജിലൻസ് നേതൃത്വത്തിൽ നിയോഗിച്ച അഞ്ചംഗ സംഘത്തിലെ ഉദ്യോഗസ്ഥനാണ് ധനേഷ് കുമാർ. കേസിൽ ഉദ്യോഗസ്ഥരുടെ വീഴ്ച കണ്ടെത്തിയത് ഇദ്ദേഹമായിരുന്നു. 5 അംഗ സംഘത്തിൽ തൃശൂർ എറണാകുളം ജില്ലകളിലെ മരംമുറി യുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് ധനേഷ് കുമാറിനെ നിയോഗിച്ചിരുന്നത്.

എന്നാൽ സംഘത്തിൽ നിന്നും പെട്ടെന്ന് ഇദ്ദേഹത്തെ മാറ്റുകയായിരുന്നു. നേരത്തെ അദ്ദേഹം ജോലി ചെയ്തിരുന്ന കോഴിക്കോട് ഫ്ലൈയിങ് സ്കോർഡിലേക്ക് മടങ്ങാനാണ് അധികൃതർ നിർദ്ദേശിച്ചിരിക്കുന്നത്.തൃശ്ശൂരിൽ നിന്ന് പിടിച്ച മരങ്ങൾ നിലമ്പൂരിൽ വച്ച് പിടികൂടിയത് ഇദ്ദേഹമായിരുന്നു. എന്നാൽ വനം മന്ത്രി പോലും അറിയാതെയുള്ള ചുമതല മാറ്റം കേസിലെ ഉന്നത ഇടപെടലാണ് സ്ഥിരീകരിക്കുന്നത്.

അന്വേഷണ സംഘത്തിൽ നിന്ന് ധനേഷിനെ മാറ്റിയത് വനംകൊള്ള മാഫിയയെ രക്ഷിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ധനേഷിനെ ഉൾപ്പെടുത്താതെയുള്ള അന്വേഷണ സംഘ രൂപീകരണം കൂടുതൽ സംശയങ്ങൾക്ക് ഇടവരുത്തുന്നു. വനം കൊള്ളക്ക് കൂട്ടു നിന്നവർക്ക് എതിരെ നിലപാട് എടുത്തയാളാണ് ധനേഷ്.  സ്ഥാപിത താൽപ്പര്യങ്ങൾക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥനാണ് അദ്ദേഹം.

മന്ത്രി എ.കെ ശശീന്ദ്രനെതിരെ പ്രതിപക്ഷം ഉന്നയിക്കാത്ത കാര്യങ്ങൾ അദ്ദേഹം സ്വയം ഏറ്റെടുക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തിരുവനന്തപുരത്തെ രാഷ്ട്രീയ മേലാളന്മാർക്ക് എതിരെ താൻ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്നാണ്  ഇത് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.