മുട്ടില്‍ വനംകൊള്ള ഇ.ഡി അന്വേഷിക്കും ; കോഴിക്കോട് യൂണിറ്റ് വിവരം ശേഖരിച്ചു തുടങ്ങി

Jaihind Webdesk
Thursday, June 10, 2021

കോഴിക്കോട് : മുട്ടില്‍ മരം കൊള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കും. മരം കടത്തിയവരും ഉദ്യോഗസ്ഥരും തമ്മില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുക. കോഴിക്കോട് യൂണിറ്റ് ആണ് പ്രാഥമിക അന്വേഷണം നടത്തുന്നത്.

ഇഡിയുടെ പ്രാഥമിക അന്വേഷണത്തില്‍ തെളിവുകള്‍ ലഭിച്ചാല്‍ മാത്രമാണ് അന്വേഷണവുമായി മുന്നോട്ടുപോവുക. സംസ്ഥാനത്തെ മുഴുവൻ മരം മുറിയും അന്വേഷിക്കും. അന്വേഷണത്തിന് അഞ്ച് സംഘങ്ങളെ നിയമിച്ചു. വിജിലന്‍സ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഗംഗാ സിംഗിനാണ് മേല്‍നോട്ട ചുമതല. ഏതൊക്കെ രീതിയിലുള്ള ക്രമക്കേട്, എത്ര മരങ്ങള്‍ മുറിച്ചുമാറ്റി എന്നെല്ലാം അതാത് സ്ഥലത്ത് പോയി അന്വേഷിക്കും.

വിഷയത്തിൽ സർക്കാർ എന്ത് നടപടി എടുത്തു എന്ന് ഹൈക്കോടതി ആരാഞ്ഞിരുന്നു. മരംകൊളളയില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് സര്‍ക്കാര്‍ സമ്മതിച്ചതിന് പിന്നാലെയായിരുന്നു കോടതിയുടെ ചോദ്യം. അന്വേഷണം സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം കോടതി തളളുകയും ചെയ്തു.