തിരുവനന്തപുരം: വനംകൊള്ള കേസിലെ പ്രതികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയതായി പി.ടി.തോമസ് എം.എൽ.എ. ഇക്കാര്യത്തിൽ മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. മരം മുറി കേസിലെ പ്രതികളുമായുള്ള മുഖ്യമന്ത്രിയുടെ ചിത്രവും പി.ടി തോമസ് പുറത്ത് വിട്ടു.
വനം കൊള്ളയിലെ പ്രതികളുടെ സ്ഥാപനത്തിൻ്റെ ഉത്ഘാടനമേറ്റ മുഖ്യമന്ത്രി താനല്ലന്നും പി.ടി തോമസ് ഇക്കാര്യത്തിൽ മാപ്പ് പറയണമന്നും മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിനാണ് പി.ടി തോമസ് സഭയിൽ മറുപടി നൽകിയത്. പ്രതികൾ കുപ്രസിദ്ധരാണ്. ഒന്നിൽ കൂടുതൽ തവണ അറസ്റ്റിലായി. പതിനൊന്നോളം ഗുരുതര സാമ്പത്തിക ക്രമക്കേട് കേസുകളും ഇവർക്കെതിരെ ഉണ്ട്. മരംമുറി കേസ് പ്രതികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. സഭയെ തെറ്റിദ്ധരിപ്പിച്ചത് മുഖ്യമന്ത്രിയാണ്.
മരം മുറി കേസിലെ പ്രതികളുമായി മുഖ്യമന്ത്രി ഹസ്തദാനം നടത്തുന്ന ചിത്രം പി.ടി തോമസ് നിയമസഭയിൽ ഉയർത്തിക്കാട്ടി. 2017 ജനുവരി 22 ന് എറണാകുളം ഗസ്റ്റ് ഹൗസിൽ എം മുകേഷ് എംഎൽഎക്കൊപ്പമായിരുന്നു കൂടിക്കാഴ്. ഇവർക്ക് എതിരെ ദുബായ്, കർണാടക പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിടുണ്ട്. ഒരു നിയമസഭാംഗത്തിൻ്റെ സഹോദരനുമായി ബന്ധപ്പെട്ട് 16 കോടിയുടെ തട്ടിപ്പ് ഉണ്ടന്നും പി.ടി തോമസ് ആരോപിച്ചു.
ജനുവരി 22 ന് മാംഗോ മൊബൈൽ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യാനായിരുന്നു തീരുമാനം. എം. മുകേഷ് എംഎൽഎയും ഒപ്പമുണ്ടായിരുന്നു. ഇൻ്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് മുഖ്യമന്ത്രി പിൻമാറി. മുകേഷിനെ ശാസിച്ചു. ഈ വസ്തുതകൾ മറച്ചുവച്ചാണ് മുഖ്യമന്ത്രി സംസാരിച്ചത്. എംടിയെ കോഴിക്കോട് ആദരിക്കുന്ന ചടങ്ങ് ദേശാഭിമാനിക്കു വേണ്ടി സ്പോൺസർ ചെയ്തത് മാംഗോ മൊബൈലാണ്. 2017 ഫെബു വരി 24 നായിരുന്നു ഇത്. വസ്തുതകള് ഇതായിരിക്കെ തന്നെ അപമാനിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രി സംസാരിച്ചതെന്നും പി.ടി.തോമസ് പറഞ്ഞു. ഹൈക്കോടതിയുടെ നേതൃത്വത്തിൽ വനംകൊള്ള അന്വേഷിച്ചാൽ പല തലകളും ഉരുളുമന്നും അദ്ദേഹം പറഞ്ഞു.