മുട്ടില്‍ വനംകൊള്ളയില്‍ ഉന്നതർക്ക് പങ്ക് ; ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം

Jaihind Webdesk
Tuesday, June 8, 2021

തിരുവനന്തപുരം : മുട്ടില്‍ വനംകൊള്ളയില്‍ ഹൈക്കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്ന് പ്രതിപക്ഷം. മരംമുറിച്ച് കടത്തിയതില്‍ ഉന്നതര്‍ക്ക് പങ്കെന്ന് പി.ടി തോമസ് എംഎല്‍എ നിയമസഭയില്‍ പറഞ്ഞു. ഒരു മാധ്യമസ്ഥാപനത്തിലെ പ്രധാനവ്യക്തി ഇടനിലക്കാരനായോ എന്ന് അന്വേഷിക്കണം. ചെക്‌പോസ്റ്റുകള്‍ കടന്ന് എങ്ങനെ തടി കൊച്ചിയിലെത്തിയെന്നും അദ്ദേഹം ചോദിച്ചു.

പ്രതികളെ കസ്റ്റഡിയിലെടുക്കാതെ വനംകൊള്ളക്കാരെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമം. കാണാമറയത്തെ വീരന്മാര്‍ ആരാണെന്ന് വനം, റവന്യൂ മന്ത്രിമാര്‍ മറുപടി പറയണം. തീവെട്ടിക്കൊള്ള കണ്ടുപിടിച്ച് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇരുട്ടില്‍ കറുത്തപൂച്ചയെ തപ്പുന്നതുപോലെയാണ് അന്വേഷണമെന്നും അദ്ദേഹം പറഞ്ഞു.

ഉദ്യോഗസ്ഥരെ പഴിചാരി മന്ത്രിമാര്‍ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പറഞ്ഞു. ഉത്തരവ് എന്തുകൊണ്ട് നിയമവകുപ്പിന് അയച്ചില്ലെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെയാണ് ഉത്തരവ്. വനംകൊള്ളയ്ക്ക് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയാണ്. കര്‍ഷകരെ മുന്‍നിര്‍ത്തി കൊള്ള നടത്താനാണ് ശ്രമം. ഭരണനേതൃത്വത്തിന്റെ അറിവോടെയാണ് കൊള്ള. വിവാദമായപ്പോള്‍ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.