മുട്ടില്‍ മരം മുറി കേസ്; സുല്‍ത്താന്‍ ബെത്തേരി കോടതി കേസ് ഇന്ന് പരിഗണിക്കും

Jaihind Webdesk
Wednesday, March 13, 2024

വയനാട്: വയനാട് മുട്ടില്‍ മരം മുറിക്കേസിന്‍റെ വിചാരണ നടപടികള്‍ ഇന്ന് മുതല്‍. സുല്‍ത്താന്‍ ബെത്തേരി കോടതിയാണ് കേസ് പരിഗണിക്കുന്നത്. വയനാട് വാഴവറ്റ സ്വദേശികളും റിപ്പോർട്ടർ ചാനൽ ഉടമകളുമായ റോജിഅഗസ്റ്റിൻ, ആന്‍റോ അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ എന്നിവരടക്കം 12 പേരാണ് കേസിലെ പ്രതികൾ.

മുട്ടില്‍ മരംമുറി കേസ് സുൽത്താൻ ബത്തേരി ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. അഗസ്റ്റിന്‍ സഹോദരങ്ങൾ ഉള്‍പ്പെടെ എട്ട് പ്രതികള്‍ക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ട്  സമന്‍സ് അയച്ചു.  അതേസമയം സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. ജോസഫ് മാത്യുവിനെ നിയമിച്ചു. രണ്ടുവർഷം നീണ്ട അന്വേഷണത്തിനു ശേഷമാണ് മുട്ടില്‍ മരം മുറി കേസില്‍ കഴിഞ്ഞ ഡിസംബറിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്.  ഇതിൽ സി സി 1,588 ബാർ 2023 നമ്പര്‍ കേസാണ് ഇന്ന് കോടതി പരിഗണിക്കുന്നത്.  പ്രതികൾക്കെതിരെ  വ്യാജരേഖ ചമയ്ക്കൽ, പൊതുമുതൽ നശിപ്പിക്കൽ, വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

അതേസമയം മരംമുറിക്കേസ് വിവാദമായ സമയത്ത് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ. ജോസഫ് മാത്യുവിനെ തന്നെയാണ് വീണ്ടും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ ആയി നിയമിച്ച്  ഉത്തരവിറക്കിയത്. നേരത്തെ മുട്ടില്‍ മരംമുറി നിയമപരം അല്ലെന്ന നിലപാട് എടുത്തിരുന്നു ഇദ്ദേഹം. റവന്യു വനംവകുപ്പുകൾക്ക് മരംമുറി തടയണമെന്ന് നിയമോപദേശം നൽകിയതും ഇദ്ദേഹമായിരുന്നു. ഡിസംബർ നാലിനാണ് പ്രത്യേക അന്വേഷണ സംഘം തലവൻ വി.വി.ബെന്നി കേസിൽ കുറ്റപത്രം നൽകിയത്. മരം മുറി സംബന്ധിച്ച് ജില്ലാ ഭരണകൂടത്തെ ആദ്യം ധരിപ്പിച്ചതും ജോസഫ് മാത്യുവായിരുന്നു.