ലോക്ക് ഡൗൺ കാലത്ത് ശരിക്കും ലോക്കായി തൃശൂർ മുല്ലശേരി മതുക്കര തുരുത്തുകാർ

Jaihind News Bureau
Thursday, April 2, 2020

തൃശൂർ ജില്ലയിലെ മുല്ലശേരി മതുക്കര തുരുത്തുകാർ ഈ ലോക്ക് ഡൗൺ കാലത്ത് ശരിക്കും ലോക്കായി പോയി. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ആരംഭിച്ച പാലം നിർമാണം നിലച്ചതോടെ ഈ പ്രദേശത്തുകാർ വലയുകയാണ്.

പാടശേഖരങ്ങൾക്ക് നടുവിൽ ഒറ്റപ്പട്ട് നിൽക്കുന്ന മതുക്കര തുരുത്തിലേക്കുള്ള ഏക റോഡ് മുറിച്ചാണ് ഇവിടെ പാലം നിർമിക്കുന്നത്. മുല്ലശേരി കനാലിലെയും ചെമ്മീൻ ചാലിലെയും വെള്ളം ഇരു ഭാഗത്തും കെട്ടി നിർത്തിയാണ് നിർമാണം തുടങ്ങിയത്. നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 1.06 കോടി രൂപ ചെലവിട്ടാണ് നിർമാണം. ഫെബ്രുവരി 5 ന് തുടങ്ങിയ പ്രവർത്തികൾ അതിവേഗം മുന്നോട്ട് നീങ്ങുന്നതിനിടെയാണ് കൊവിഡ് ചതിച്ചത്. നിർമാണ രംഗത്തുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ നാടുകളിലേക്ക് മടങ്ങി. ഇതോടെ പ്രവർത്തനങ്ങൾ എല്ലാം നിലച്ചു. പാലത്തിന്റെ പണി അവശ്യ സർവീസായി കണക്കാക്കി നിർമാണം പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

നിലവിൽ 4 സ്പാനുകളുടെ പണി അഞ്ചടി ഉയരത്തിൽ എത്തി നിൽക്കുകയാണ്. മഴ പെയ്ത് കനാലിലും ചാലിലും വെള്ളം നിറഞ്ഞാൽ പാലത്തിന്റെ പണി തുടരാനാകില്ല. 110 കുടുംബങ്ങളുള്ള മതുക്കര തുരുത്ത് ഇതോടെ തീർത്തും ഒറ്റപ്പെടും.