മുത്തൂറ്റ്: തൊഴിലാളികള്‍ക്ക് സി.ഐ.ടി.യുവില്‍ നിന്ന് സംരക്ഷണം നല്‍കണമെന്ന് കോടതി

Jaihind News Bureau
Thursday, September 5, 2019

മുത്തൂറ്റ് സ്ഥാപനങ്ങളിലെ സി.ഐ ടി യു സമരത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. ജോലിക്കെത്തുന്ന ജീവനക്കാർക്ക് സംരക്ഷണം നൽകണമെന്ന് കോടതി ഉത്തരവിട്ടു. ജീവനക്കാർ നൽകിയ ഹർജിയിലാണ് കോടതി ഇടപെട്ടത്. ജോലി ചെയ്യാൻ തയ്യാറായ തങ്ങളെ സി.ഐ.ടി.യു നേതൃത്വത്തിൽ തടയുകയാണെന്നും ജോലി ചെയ്യാൻ അനുവദിക്കുന്നില്ലെന്നും കാണിച്ച് ജീവനക്കാർ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്.

മുത്തൂറ്റ് സ്ഥാപനങ്ങളിൽ ജോലിക്കെത്തുന്ന ജീവനക്കാർക്ക് മതിയായ സംരക്ഷണം ഒരുക്കണമെന്ന് സർക്കാറിനും പോലീസിനും കോടതി നിർദ്ദേശം നൽകി. ജോലിക്കെത്തുന്നവരെ തടയാൻ സമരക്കാർക്ക് അവകാശമില്ലെന്നും ,ജീവനക്കാരെ സുഗമമായി പ്രവർത്തിക്കാൻ അനുവദിക്കണമെന്നും കോടതി വ്യക്തമാക്കി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ മുത്തൂറ്റ് സ്ഥാപനങ്ങളിൽ സി.ഐ ടി യു നേതൃത്വത്തിൽ സമരം ആരംഭിച്ചതിനാൽ ആഴ്ച്ചകളായി മുത്തൂറ്റ് സ്ഥാപനങ്ങൾ അടഞ്ഞ് കിടക്കുകയാണ്. പലയിടത്തും ജോലിക്കെത്തുന്ന ജീവനക്കാരെ കയ്യേറ്റം ചെയ്യുന്ന രീതിയിലേക്ക് സമരം മാറിയതോടെയാണ് ജോലി ചെയ്യാൻ തയ്യാറായ ജീവനക്കാർ കോടതിയെ സമീപിച്ചത്. സമരത്തെ തുടർന്ന് സംസ്ഥാനത്ത് പ്രവർത്തിക്കുന്ന പല ബ്രാഞ്ചുകളും അടച്ചുപൂട്ടാൻ ഒരുങ്ങുകയാണ് മാനേജ്മെന്റ്