ജനിതകമാറ്റം വന്ന വൈറസ് കേരളത്തിലും : ഏറ്റവുമധികം റിപ്പോർട്ട് ചെയ്തത് കോട്ടയം ജില്ലയില്‍

Jaihind Webdesk
Tuesday, April 27, 2021

തിരുവനന്തപുരം : ജനിതകമാറ്റം വന്ന കൊവിഡ് വൈറസ് കേരളത്തിലും. അതിതീവ്ര വ്യാപനശേഷിയുള്ള കൊറോണ വൈറസിന്‍റെ സാന്നിധ്യം സംസ്ഥാനത്തെ 13 ജില്ലകളിലും കണ്ടെത്തി. പത്തനംതിട്ട ഒഴികെയുള്ള എല്ലാ ജില്ലകളിലും വൈറസ് വകഭേദങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യൻ വൈറസ് വകഭേദം ഏറ്റവുമധികം ഉള്ളത് കോട്ടയം ജില്ലയിലാണ് – 19.05%. ബ്രിട്ടിഷ് വകഭേദം കൂടുതലും കണ്ണൂർ ജില്ലയിലും (75%) ദക്ഷിണാഫ്രിക്കൻ വകഭേദം പാലക്കാടു(21.43%)മാണ് കണ്ടെത്തിയിട്ടുള്ളത്.

ജനിതക വ്യതിയാനം വന്ന വൈറസുകൾ സംസ്ഥാനത്ത് ഏപ്രിൽ ആദ്യവാരം തന്നെ വ്യാപിച്ചതായാണു വിവരം. കൊവിഡ് ബാധിതരിൽ 40 ശതമാനത്തോളം പേർ‍ക്ക് അതിതീവ്ര വ്യാപനശേഷിയുള്ള വൈറസുകളാണു ബാധിച്ചതെന്നു പഠന റിപ്പോർട്ടുണ്ട്. ഇതിൽ 30% പേരിൽ ലണ്ടനിലെ വൈറസ് വകഭേദം ബാധിച്ചിട്ടുണ്ട്. രോഗപ്രതിരോധ ശക്തിയെ പോലും മറികടക്കുന്ന മഹാരാഷ്ട്രയിലെ ഇരട്ടവ്യതിയാനം സംഭവിച്ച വൈറസ് 7% പേരിലും ദക്ഷിണാഫ്രിക്കൻ വകഭേദം 2% പേരിലും കണ്ടെത്തി. ഈ സാഹചര്യത്തിലാണ് ഉത്തരേന്ത്യയിലെ സ്ഥിതി കേരളത്തിലും ഉണ്ടായേക്കുമെന്ന മുന്നറിയിപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയത്.

കൊവിഡ് രോഗികളില്‍ 3.8 ശതമാനം പേരിലാണ് അതിതീവ്ര വൈറസ് ഫെബ്രുവരിയില്‍ കണ്ടെത്തിയതെങ്കില്‍ മാര്‍ച്ചായപ്പോള്‍ ഇത് 40 ശതമാനമായി ഉയര്‍ന്നു. സംസ്ഥാനത്ത് പത്തനംതിട്ട ഒഴികെയുള്ള എല്ലാ ജില്ലകളിലും ജനിതകമാറ്റ വൈറസ് സാന്നിധ്യമുണ്ടെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.