ചോർത്തിയത് ആർക്കുവേണ്ടിയെന്ന് വ്യക്തമാക്കണം; പെഗാസസിലെ സുപ്രീം കോടതി വിധി നിർണായക ഇടപെടലെന്ന് രാഹുല്‍ ഗാന്ധി

Jaihind Webdesk
Wednesday, October 27, 2021

 

ന്യൂ‍ഡൽഹി : സുപ്രീം കോടതി വിധി പെഗാസസിലെ നിർണായക ഇടപെടലെന്ന് രാഹുൽ ഗാന്ധി.  പാർലമെന്‍റിൽ പെഗാസസ് വിഷയം വീണ്ടും ഉയർത്തുമെന്നും ചർച്ചയ്ക്ക് വേണ്ടിയുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ജനാധിപത്യത്തെ തകർ‌ക്കുന്നതിനുള്ള ശ്രമമാണ് പെഗാസസിലൂടെ ഉണ്ടായതെന്നും രാഹുൽ ഗാന്ധി എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സുപ്രീം കോടതി വിഷയത്തില്‍ ഇടപെട്ടതോടെ  സത്യം പുറത്തുവരുമെന്ന ആത്മവിശ്വാസമുണ്ട്. ഇന്ത്യയെന്ന ആശയത്തെ തന്നെയാണ് പെഗാസസ് വഴി ആക്രമിച്ചത്. ഫോണുകൾ ചോർത്തിയത് ആർക്കുവേണ്ടിയാണെന്നും എന്തിനുവേണ്ടിയാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.  രാജ്യസുരക്ഷ പറഞ്ഞാണ് സർക്കാർ രക്ഷപ്പെടുന്നത്. യഥാർത്ഥത്തിൽ പെഗാസസ് ഫോണ്‍ ചോർത്തലാണ് ദേശസുരക്ഷയ്ക്ക് എതിരായതെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

‘പെഗാസസ് വഴി ശേഖരിക്കുന്ന വിവരങ്ങൾ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഉപയോഗിക്കുകയാണോ? തെരഞ്ഞെടുപ്പ് കമ്മീഷന്‍റെയും പ്രതിപക്ഷ നേതാക്കളുടെയും എല്ലാം ഫോൺ ചോർത്തി വിവരങ്ങൾ പ്രധാനമന്ത്രിയിലേക്കാണ് പോകുന്നതെങ്കിൽ അതൊരു ക്രിമിനൽ കുറ്റമാണ്’ – രാഹുൽ ഗാന്ധി പറഞ്ഞു.

പെഗാസസ് ഇന്ത്യയിൽ നിയമപരമല്ല. പ്രധാനമന്ത്രി ഇത് വ്യക്തിപരമായ കാര്യത്തിന് ഉപയോഗിക്കുന്നത് ശരിയല്ലെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. കർണാടകത്തിലെ സഖ്യ സർക്കാരിനെ അട്ടിമറിച്ചത് പെഗാസസ് ഉപയോഗിച്ചാണെന്ന് അദ്ദേഹം ആരോപിച്ചു. ഇതൊരു രാഷ്ട്രീയ വിഷയമല്ല രാജ്യത്തിന്‍റെ സുരക്ഷയെ സംബന്ധിക്കുന്ന കാര്യമാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേർത്തു.