മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ 961 കോടി വകമാറ്റിയെന്ന് മുസ്‍ലിം യൂത്ത് ലീഗ്

Jaihind News Bureau
Monday, May 18, 2020

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ 961 കോടി പഞ്ചായത്ത് റോഡ് നിർമാണത്തിന് വകമാറ്റിയെന്ന് മുസ്‍ലിം യൂത്ത് ലീഗ്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാഷ്ട്രീയ താൽപര്യത്തിലാണ് പ്രവർത്തനം. ഫണ്ട് നൽകാൻ നിർദേശിച്ചുള്ള ഉത്തരവ് റദ്ദാക്കണമെന്നും, ദുരിതാശ്വാസ നിധിയിലെ പണം ദുരിതം അനുഭവിക്കുന്നവർക്ക് നൽകണമെന്നും ഇത് വരെയുള്ള പണം ചിലവഴിച്ചത് സംബന്ധിച്ച് ധവള പത്രം പുറത്തിറക്കണമെന്നും മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് മലപ്പുറത്ത് ആവശ്യപ്പെട്ടു.

കൊറോണ സാഹചര്യത്തിൽ മുഖ്യമന്ത്രി വാർത്താ സമ്മേളനവും പി.ആർ വർക്കും മാത്രമാണ് ചെയ്യുന്നത്. സംസ്ഥാനം ആവശ്യത്തിന് ക്വാറന്‍റൈന്‍ സൗകര്യം ഒരുക്കിയില്ല. ഇതാണ് പുറത്ത് നിന്നുള്ളവരെ കൊണ്ട് വരാൻ താത്പര്യം കാണിക്കാത്തത്. ഇത് അംഗീകരിക്കാനാകില്ലെന്നും ഫിറോസ് പറഞ്ഞു.