പോളിംഗ് ബൂത്തില്‍ മുസ്‌ലിം വനിതകളുടെ മുഖപടം മാറ്റി പരിശോധന; കേസെടുത്ത് പോലീസ്, ബിജെപിയുടേത് മുസ്‌ലിം വോട്ടുകള്‍ ധ്രുവീകരിക്കാനുള്ള ശ്രമമെന്ന് രേവന്ത് റെഡ്ഡി

Jaihind Webdesk
Monday, May 13, 2024

 

ഹൈദരാബാദിലെ പോളിംഗ് ബൂത്തില്‍ മുസ്‌ലിം വനിതകളോട് തിരിച്ചറിയല്‍ രേഖ ചോദിക്കുകയും മുഖപടം മാറ്റി പരിശോധന നടത്തുകയും ചെയ്ത് ബിജെപി സ്ഥാനാര്‍ത്ഥി മാധവി ലത. പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യാനായി കാത്തിരിക്കുന്ന മുസ്‌ലിം വനിതകളോടാണ് മാധവി രേഖകള്‍ ആവശ്യപ്പെട്ടത്. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. പോലീസിന്‍റെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു പരിശോധന. സംഭവത്തില്‍ മാധവി ലതയ്‌ക്കെതിരെ പോലീസ് കേസെടുത്തു. 171സി, 186, 595(1)(സി) തുടങ്ങിയ ഐപിസി വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

സംഭവത്തില്‍ പ്രതികരണവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി രംഗത്തെത്തി. മുസ്‌ലിം വോട്ടുകള്‍ ധ്രുവീകരിക്കാനാണ് ബിജെപി ശ്രമമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം താന്‍ നിയമം അനുസരിച്ചുള്ള കാര്യങ്ങള്‍ മാത്രമാണ് ചെയ്തതെന്ന് മാധവി ലത പ്രതികരിച്ചു. ‘ഞാന്‍ ഒരു സ്ഥാനാര്‍ത്ഥിയാണ്. നിയമപ്രകാരം ഒരു സ്ഥാനാര്‍ത്ഥിക്ക് വോട്ടര്‍മാരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാനുള്ള അവകാശമുണ്ടെന്നും വളരെ വിനയത്തോടെയാണ് ഞാന്‍ അവരോട് മുഖം കാട്ടുവാന്‍ ആവശ്യപ്പെട്ടതെന്നും അവര്‍ പറഞ്ഞു.  എന്തായാലും ബിജെപിക്ക് വലിയ തിരിച്ചടിയാണ് മാധവി ലതയുടെ പ്രവര്‍ത്തിയോടെ ഉണ്ടായിരിക്കുന്നത്.