‘ഞാന്‍ ജയിച്ചു എന്നല്ല, എന്നെ ജയിപ്പിച്ചു എന്ന ബോധം വേണം’; കുറ്റിപ്പുറത്ത് ലീഗ് ജനപ്രതിനിധികളുടെ ‘വിജയാരവം’

Jaihind News Bureau
Wednesday, December 24, 2025

കുറ്റിപ്പുറം: മലപ്പുറം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുസ്ലീം ലീഗ് ജനപ്രതിനിധികളുടെ മഹാസംഗമം കുറ്റിപ്പുറത്ത് നടന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ മുതല്‍ ജില്ലാ പഞ്ചായത്ത് വരെയുള്ള വിവിധ തലങ്ങളില്‍ നിന്നായി വിജയിച്ച 1,500ഓളം പ്രതിനിധികളെ അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച ‘വിജയാരവം’ സംഗമം മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ യുഡിഎഫ് നേടിയ തിളക്കമാര്‍ന്ന വിജയത്തിന് പിന്നാലെ ജനപ്രതിനിധികള്‍ക്ക് കൃത്യമായ ദിശാബോധം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് വലിയ ഉത്തരവാദിത്തമാണ് ജനങ്ങള്‍ നല്‍കിയിരിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ സാദിഖലി തങ്ങള്‍ ഓര്‍മ്മിപ്പിച്ചു. തിരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ ”ഞാന്‍ ജയിച്ചു” എന്ന ഭാവത്തിലല്ല പ്രവര്‍ത്തിക്കേണ്ടതെന്നും, മറിച്ച് ജനങ്ങള്‍ ”എന്നെ ജയിപ്പിച്ചു” എന്ന ബോധമാണ് എപ്പോഴും പുലര്‍ത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ സേവകരാകാനുള്ള ഈ അവസരം വിനയത്തോടെയും അര്‍പ്പണബോധത്തോടെയും വിനിയോഗിക്കണമെന്നും അദ്ദേഹം ജനപ്രതിനിധികളെ ഉപദേശിച്ചു.

ചടങ്ങില്‍ പങ്കെടുത്ത പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി എന്നിവര്‍ പുതിയ ജനപ്രതിനിധികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ജനകീയ സേവനങ്ങളിലും ഭരണനിര്‍വ്വഹണത്തിലും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ ഓരോ പ്രതിനിധിയും പരിശ്രമിക്കണമെന്ന് അവര്‍ ആഹ്വാനം ചെയ്തു. അഴിമതിരഹിതവും സുതാര്യവുമായ ഭരണം ഉറപ്പാക്കുന്നതിലൂടെ പാര്‍ട്ടിക്കും മുന്നണിക്കും ജനങ്ങള്‍ നല്‍കിയ വിശ്വാസം കാത്തുസൂക്ഷിക്കണമെന്നും നേതാക്കള്‍ ഊന്നിപ്പറഞ്ഞു.

മലപ്പുറം ജില്ലാ പഞ്ചായത്തിലേക്കും ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളിലേക്കും വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചവരാണ് സംഗമത്തില്‍ അണിനിരന്നത്. വരാനിരിക്കുന്ന അഞ്ച് വര്‍ഷത്തെ ഭരണകാലയളവില്‍ നടപ്പിലാക്കേണ്ട വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചും ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടേണ്ട രീതികളെക്കുറിച്ചും പ്രാഥമികമായ ചര്‍ച്ചകളും സംഗമത്തിന്റെ ഭാഗമായി നടന്നു. മുസ്ലിംലീഗ് ജില്ലാ-സംസ്ഥാന നേതാക്കളും ചടങ്ങില്‍ സാന്നിധ്യമറിയിച്ചു.