ലോക്സഭാ തിരഞ്ഞെടുപ്പ്; മുസ്ലീം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീറും, പൊന്നാനിയില്‍ സമദാനിയും മത്സരിക്കും

Jaihind Webdesk
Wednesday, February 28, 2024

മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള മുസ്ലീം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.  മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീറും, പൊന്നാനിയിൽ അബ്ദുസമദ് സമദാനിയും, തമിഴ്നാട് രാമനാഥപുരത്ത് നവാസ് ഗനിയുമാണ് സ്ഥാനാർത്ഥികൾ. പാണക്കാട് ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. ഇനി ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് മുസ്ലിം ലീഗിന് നൽകുമെന്ന് കോൺഗ്രസ് ഉറപ്പ് നൽകിയതായും തങ്ങൾ പറഞ്ഞു.

രാവിലെ പാണക്കാട് ചേർന്ന മുസ്ലീംലീഗ് സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷമാണ് പാർട്ടി അധ്യക്ഷൻ സാദിഖലി തങ്ങൾ മലപ്പുറം, പൊന്നാനി, രാമനാഥപുരം മണ്ഡലങ്ങളിലെ ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. തങ്ങളുടെ സ്വന്തം മണ്ഡലങ്ങളിലേക്ക് ഇരുവരും മാറി എന്നതാണ് മണ്ഡലങ്ങൾ വച്ച് മാറായതിനെ കുറിച്ചുള്ള ലീഗ് നേതൃത്യത്തിന്‍റെ വിശദീകരണം. ജൂണിൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് മുസ്ലിം ലീഗിന് നൽകുമെന്ന് കോൺഗ്രസ് ഉറപ്പ് നൽകിയതായും സാദിഖലി തങ്ങൾ പറഞ്ഞു.
ഇടി മുഹമ്മദ് ബഷീർ നാലാം തവണയും, അബ്ദുസമദ് സമദാനി രണ്ടാം തവണയുമാണ് ലോക്സഭയിലേക്ക് മത്സരിക്കുന്നത്. രാമനാഥപുരത്തെ സിറ്റിംഗ് എംപിയാണ് നവാസ് ഗനി.