മുസ്ലിം ലീഗ്; സംസ്ഥാന അധ്യക്ഷനായി സാദിഖലി ശിഹാബ് തങ്ങളും, ജനറൽ സെക്രട്ടറിയായി പി എം എ സലാമും തുടരും

Jaihind Webdesk
Saturday, March 18, 2023

കോഴിക്കോട് : മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനായി സാദിഖലി ശിഹാബ് തങ്ങളും, ജനറൽ സെക്രട്ടറിയായി പി എം എ സലാമും തുടരും. 26 അംഗ സംസ്ഥാന സെക്രട്ടറിയേറ്റിനേയും ഇന്ന് കോഴിക്കോട് ചേർന്ന കൗൺസിലിയോഗം തെരഞ്ഞെടുത്തു. കഴിഞ്ഞ കാലഘട്ടങ്ങളിലെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ജനറൽ സെക്രട്ടറി സ്ഥാനമെന്ന പി എം എ സലാം പറഞ്ഞു.
കോഴിക്കോട് ചേർന്ന് സംസ്ഥാന കൗൺസിൽ യോഗമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. നിലവിൽ മുസ്ലിം ലീഗ് ആക്ടിംഗ് ജനറൽ സെക്രട്ടറിയാണ് പി എം എ സലാം. നേരത്തെ ജനറൽ സെക്രട്ടറി പദവി വഹിച്ചിരുന്ന കെപിഎ മജീദ് നിയമസഭാംഗമായതോടെയാണ് പിഎംഎ സലാമിനെ ആക്ടിംഗ് സെക്രട്ടറിയായി നിശ്ചയിച്ചിരുന്നത്. സി.ടി അഹമ്മദലിയാണ് ട്രഷറർ. 26 സംസ്ഥാന സെക്രട്ടറിയേറ്റ് നിലവിൽ വന്നു. ഉന്നതാധികാര സമിതിക്ക് പകരമാണ് സെക്രട്ടറിയേറ്റ് രൂപീകരിച്ചിട്ടുള്ളത്. മൂന്ന് വനിതകൾ സെക്രട്ടറിയേറ്റിൽ സ്ഥിരം ക്ഷണിതാക്കൾ ആയിരിക്കും. സംസ്ഥാന കൗൺസിൽ യോഗത്തിൽ ഇടി മുഹമ്മദ് ബഷീറാണ് സംസ്ഥാന പ്രസിഡൻറ്, ജനറൽ സെക്രട്ടറി മറ്റു ഭാരവാഹികൾ എന്നിവരുടെ പേരുകൾ വായിച്ചത്. ഏകകണ്ഠേനയായി ഈ തീരുമാനം സംസ്ഥാന കൗൺസിൽ അംഗീകരിക്കുകയായിരുന്നു. യോഗത്തിൽ ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി റിട്ടേണിംഗ് ഓഫീസർ ആയിരുന്നു.  വരുന്ന നാല് വർഷത്തേക്കാണ് പുതിയ കമ്മിറ്റി. പാർട്ടിയെ കൂടുതൽ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകുമെന്നും ഏകകണ്ഠേനയായിരുന്നു ഭാരവാഹി തെരഞ്ഞെടുപ്പ് പ്രഖ്യാപനമെന്നും പി എം എ സലാം പറഞ്ഞു.