ഹയർ സെക്കന്‍ഡറി പ്രവേശനത്തില്‍ മലബാറിനോടുള്ള വിവേചനം; മുസ്‌ലിം ലീഗ് എംഎൽഎമാർ വിദ്യാഭ്യാസ മന്ത്രിയുമായി  ചർച്ച നടത്തി

Jaihind Webdesk
Wednesday, August 24, 2022

 

തിരുവനന്തപുരം: ഹയർ സെക്കന്‍ഡറി പ്രവേശനവുമായി ബന്ധപ്പെട്ട്‌ മലബാറിനോടുള്ള കടുത്ത വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് എംഎൽഎമാർ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായി  ചർച്ച നടത്തി. പ്ലസ് ടു ഉൾപ്പെടെയുള്ള ഹയർ സെക്കൻഡറി പ്രവേശനത്തിന് സീറ്റ് ലഭ്യമല്ലാത്തതിനാൽ മലബാറിലെ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് എംഎൽഎമാർ മന്ത്രി വി ശിവന്‍കുട്ടിയോട് ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ചർച്ച. മലബാർ മേഖലയില്‍ ഉപരിപഠനത്തിന് വിദ്യാർത്ഥികൾ അനുഭവിക്കുന്ന പ്രതിസന്ധി എംഎൽഎമാർ മന്ത്രിയെയും ഉദ്യോഗസ്ഥരെയും ബോധ്യപ്പെടുത്തി.  ഇതേക്കുറിച്ച്‌ പഠിച്ച്‌ റിപ്പോർട്ട്‌ സമർപ്പിക്കാൻ കമ്മീഷനെ നിയോഗിക്കുമെന്നും ഇതാവർത്തിക്കാതിരിക്കാൻ ആവശ്യമായ മുൻകരുതലുകള്‍ സ്വീകരിക്കുമെന്നും  മന്ത്രി ഉറപ്പ് നല്‍കി. ഈ വർഷത്തെ അഡ്മിഷൻ പൂർത്തിയായ ശേഷം പ്രവേശനം ലഭിക്കാത്ത മലബാറിലെ കുട്ടികളുടെ കാര്യത്തിൽ പ്രത്യേക പദ്ധതി തയാറാക്കാമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു. പുതിയ ബാച്ചുകൾ അനുവദിക്കാതെ പ്രശ്നത്തിന് പരിഹാരമാവില്ലെന്ന് എംഎൽഎമാർ ചൂണ്ടിക്കാട്ടി. മന്ത്രിയുടെ നിലപാടിൽ പ്രതീക്ഷയുണ്ടെന്ന് യോഗശേഷം എംഎൽഎമാർ പറഞ്ഞു.

ഡോ. എം.കെ മുനീറിന്‍റെ നേതൃത്വത്തിലായിരുന്നു ചർച്ച. ഇന്നലെ പ്രതിപക്ഷ ഉപനേതാവ്‌ പി.കെ കുഞ്ഞാലിക്കുട്ടി മന്ത്രിയുമായി നടത്തിയ ചർച്ചയുടെ തുടർച്ചയായിരുന്നു ഇന്നത്തെ ചർച്ച. മലബാറിലെ വിദ്യാർത്ഥികൾ പ്ലസ്‌ വൺ പ്രവേശനത്തിൽ മാത്രമല്ല ഉന്നത വിദ്യാഭ്യാസ രംഗത്തും ഇതേ വിവേചനമാണ്‌ നേരിടുന്നതെന്നും എംഎൽഎമാർ പറഞ്ഞു. നിയമസഭാ മന്ദിരത്തിലെ മന്ത്രിയുടെ ചേമ്പറിൽ വെച്ച് നടന്ന യോഗത്തില്‍ എംഎൽഎമാരായ പി അബ്ദുൽ ഹമീദ് മാസ്റ്റർ, മഞ്ഞളാം കുഴി അലി, പി ഉബൈദുള്ള, ആബിദ് ഹുസൈൻ തങ്ങൾ, ടി.വി ഇബ്രാഹിം, നജീബ് കാന്തപുരം, എകെഎം അഷ്‌റഫ്‌ സംബന്ധിച്ചു.