മെയിൻസ്ട്രീം ടി വി ആപ്പിലൂടെ വിപിന്‍ ആറ്റ്ലി ചിത്രം ‘മ്യൂസിക്കൽ ചെയർ’ പ്രേക്ഷകരിലേക്ക്; മലയാളത്തിലെ രണ്ടാമത്തെ ഒടിടി റിലീസ്

Jaihind News Bureau
Friday, July 3, 2020

ജയസൂര്യ നായകനാകുന്ന ‘സൂഫിയും സുജാത’യ്ക്കും പിന്നാലെ ഒടിടി റിലീസിനൊരുങ്ങി വിപിന്‍ ആറ്റ്ലി ചിത്രം ‘മ്യൂസിക്കൽ ചെയർ’. മെയിൻ സ്ട്രീം ടി വി ആപ്പിലൂടെ ജൂലായ് 5ന് ചിത്രം പ്രേക്ഷകരിലേക്കെത്തും. സ്പൈറോഗിറയുടെ ബാനറിൽ അലൻ രാജൻ മാത്യു ആണ് നിര്‍മ്മാണം. മാർട്ടിൻ എന്ന എഴുത്തുകാരന്‍റെ  ജീവിതമാണ് സിനിമ പറയുന്നത്. മരണം സംഭവിച്ചേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാല്‍ മരണഭയം എപ്പോഴും മാർട്ടിനെ വേട്ടയാടുന്നു. മരണത്തിന്‍റെ കാരണം തേടിയുള്ള മാർട്ടിന്‍റെ യാത്രയാണ് ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്.

40 രൂപ നിരക്കില്‍ ഡിജിറ്റല്‍ ടിക്കറ്റ് വഴിയാകും സിനിമ കാണാന്‍ സാധിക്കുക. ഇന്ത്യ ഒഴികെയുള്ള മറ്റ് വിദേശ രാജ്യങ്ങളില്‍ 2 അമേരിക്കന്‍ ഡോളര്‍ നല്‍കിയാല്‍ സിനിമ ആസ്വദിക്കാം. ലോക്ഡൗണ്‍ കാലത്ത് തൊഴില്‍ നഷ്ടമായ സിനിമാ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഇതുപോലെയുള്ള റിലീസിംഗിലൂടെ ലഭിക്കുമെന്ന് സംവിധായകന്‍ വിപിന്‍ ആറ്റ്‌ലി പറഞ്ഞു.

മെയിൻ സ്ട്രീമിന്‍റെ പ്രവർത്തനം ഇങ്ങനെ

ചെറുതും വലുതുമായ വിനോദ വീഡിയോകൾ ഒരു പോലെ സൗജന്യമായി ആസ്വദിക്കാൻ കഴിയുന്ന ഒടിടി പ്ലാറ്റ് ഫോമാണ് മെയിൻ സ്ട്രീം ടി.വി ആപ്പ്. ആൻഡ്രോയ്ഡ്, ഐ.ഒ.എസ്, ഫയർ സ്റ്റിക് ടി.വി മറ്റ് ആൻഡ്രോയ്ഡ് ടി.വി ഡിവൈസുകൾ എന്നിങ്ങനെ പ്ലാറ്റ് ഫോം വ്യത്യാസമില്ലാതെ മെയിൻസ്ട്രീം ആസ്വദിക്കാനാകുമെന്ന് മെയിൻസ് സ്ട്രീമിന്‍റെ  സ്ഥാപകൻ ശിവ പറയുന്നു. മ്യൂസിക്കല്‍ ചെയര്‍ ഒരു വിപ്ലവത്തിന്‍റെ തുടക്കമാണ്. മലയാള സിനിമാസ്വാദകര്‍ക്ക് മികച്ച അനുഭവമായിരിക്കും ഇത്. ഒടിടി റിലീസുകള്‍ കൂടുതലായി എത്തുകയാണെങ്കില്‍ സിനിമാ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ തൊഴില്‍ സാധ്യത തുറക്കപ്പെടുമെന്നും ശിവ പറയുന്നു.

മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി കണ്ടന്‍റ് ക്രിയേറ്റേഴ്സിന് മികച്ച വരുമാന വിഹിതവും കൂടുതൽ കാഴ്ചക്കാരെയും നൽകാൻ മെയിൻ സ്ട്രീമിനാകുന്നുണ്ട്. സൗത്ത് ഇന്ത്യയിലെ തന്നെ വീഡിയോ വിനോദത്തിന്‍റെ  മുഖമായി മാറാനാണ് മെയിൻസ്ട്രീം ലക്ഷ്യമിടുന്നത്.