വാളയാറിലെ സഹോദരിമാരുടെ കൊലപാതകം: മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

Jaihind News Bureau
Wednesday, April 2, 2025

വാളയാറിലെ സഹോദരിമാരുടെ മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ നിര്‍ണായക തീരുമാനം.

വാളയാറിലെ സഹോദരിമാരുടെ മരണത്തില്‍ മാതാപിതാക്കളെയും പ്രതിചേര്‍ത്തതിന് പിന്നാലെ അന്വേഷണ സംഘം സിബിഐ കോടതിയില്‍ നല്‍കിയ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ ഈ മാസം അവസാനം മാതാപിതാക്കളോട് നേരിട്ട് ഹാജരാകാന്‍ സിബിഐ കോടതി സമന്‍സ് അയച്ചിരുന്നു. ഇതുള്‍പ്പെടെയുള്ള നടപടിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. വിചാരണ കോടതിയില്‍ ഹാജരാകുന്നതിനാണ് ഇളവ് നല്‍കിയിരിക്കുന്നതെങ്കിലും കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പരാതി തീര്‍പ്പാക്കിയതിന് ശേഷം മറ്റ് കാര്യങ്ങളിലേക്ക് കടക്കാമെന്നാണ് ഹൈക്കോടതി അറിയിച്ചിട്ടുള്ളത്. പെണ്‍കുട്ടികള്‍ ലൈംഗികാതിക്രമത്തിന് വിധേയമായിട്ടുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നാണ് കുറ്റപത്രത്തിലുള്ളത്. എന്നാല്‍, കുട്ടികള്‍ക്കെതിരേ ലൈംഗികാതിക്രമം നടന്നുവെന്നറിഞ്ഞിട്ടും ഈ വിവരം മാതാപിതാക്കള്‍ മറച്ചുവെച്ചുവെന്നതാണ് കുറ്റപത്രത്തിലെ ഗുരുതരമായ കണ്ടെത്തല്‍. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ കൊച്ചി സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

രണ്ട് പെണ്‍കുട്ടികളുടെയും മരണത്തില്‍ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്നാണ് സി.ബി.ഐ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്. ആത്മഹത്യ പ്രേരണാക്കുറ്റം, ബലാത്സംഗ പ്രേരണാക്കുറ്റം, പീഡനവിവരം അറിഞ്ഞിട്ടും മറച്ചുവെക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് കുട്ടികളുടെ അച്ഛനും അമ്മയ്ക്കുമെതിരേ ചുമത്തിയിരിക്കുന്നത്. പോക്സോ നിയമത്തിലെ വകുപ്പുകള്‍ ഉള്‍പ്പെടെയാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. കുട്ടികള്‍ പലതവണ ചൂഷണത്തിനിരയായ വിവരം മാതാപിതാക്കള്‍ നേരത്തെ അറിഞ്ഞിരുന്നതായി സി.ബി.ഐ. അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.