പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ കൊലപാതകം: 19 വിദ്യാര്‍ഥികളെ കോളേജ് പുറത്താക്കി

Jaihind News Bureau
Thursday, April 10, 2025

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ സിദ്ധാര്‍ഥന്റെ കൊലപാതകത്തില്‍ കോളേജിലെ 19 വിദ്യാര്‍ഥികളെ പുറത്താക്കി. സര്‍വകലാശാലയുടെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സര്‍വകലാശാലയുടെ തീരുമാനം ഹൈക്കോടതിയെ അറിയിച്ചു.

പ്രതികളായ വിദ്യാര്‍ഥികള്‍ക്ക് മറ്റൊരു ക്യാമ്പസില്‍ പഠിക്കുന്നതിനും പരീക്ഷ എഴുതുന്നതിനും അധികൃതര്‍ സൗകര്യം നല്‍കിയതിനെ സിദ്ധാര്‍ത്ഥിന്റെ കുടുംബം ചോദ്യം ചെയ്തിരുന്നു. ഇതിനതിരേ സിദ്ധാര്‍ത്ഥിന്‍െ അമ്മ ഹൈക്കോടതിയെ സമീപിച്ചു . ഹര്‍ജി പരിഗണിച്ച കോടതി സര്‍വകലാശാല ആന്റി റാഗിങ് കമ്മറ്റിയോട് അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് 19 വിദ്യാര്‍ഥികളെ സര്‍വകലാശാലയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനമായത്. ഇവര്‍ക്ക് അടുത്ത മൂന്നു വര്‍ഷത്തേക്ക് മറ്റൊരു സര്‍വകലാശാലയിലോ ക്യാമ്പസിലോ പഠനത്തിനുള്ള സൗകര്യമൊരുക്കരുതെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ സിദ്ധാര്‍ഥനെ 2024 ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രതികളുടെ റാഗിങിനെ തുടര്‍ന്നാണ് മരണമുണ്ടായതെന്ന് വ്യക്തമായിരുന്നു. കുടുംബത്തിന് പിന്തുണയുമായി പ്രതിപക്ഷം ശക്തമായ നിലപാടാണ് സ്വീകരിച്ചത്. കേരളമനസ്സാക്ഷിയെ നടുക്കിയ സംഭവമായിരുന്നു പൂക്കോട് സര്‍വ്വകലാശാലയില്‍ ഉണ്ടായത്. ഷുക്കൂര്‍ മുതല്‍ സിദ്ധാര്‍ത്ഥ് വരെ ‘ എന്ന മുദ്രാവാക്യവുമായി ഇടത് ഭീകരതയ്‌ക്കെതിരെ എം. എസ്. എഫും പ്രതിഷേധം സംഘടിപ്പിച്ചു.