എസ്.ഡി.പി.ഐ പ്രവർത്തകന്‍റെ കൊലപാതകം : മൂന്ന് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റില്‍

Jaihind News Bureau
Thursday, September 10, 2020

 

കണ്ണൂർ : കണ്ണവത്ത് എസ്.ഡി.പി.ഐ പ്രവർത്തകന്‍ സലാഹുദീനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ. ചുണ്ടയിൽ സ്വദേശികളായ അമൽരാജ്, ആഷിഖ് ലാൽ, പ്രബിൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകവുമായി ഇവർക്ക് നേരിട്ട് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. മറ്റു പ്രതികളെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കിയിട്ടുണ്ട്.

ചുണ്ടയിൽ സ്വദേശികളായ ആർ.എസ്.എസ് പ്രവർത്തകർ അമൽരാജ്, ആഷിഖ് ലാൽ, പ്രബിൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. ഇവരെ പിടികൂടിയ ശേഷം നടത്തിയ ചോദ്യം ചെയ്യലിൽ കൊലപാതകത്തിൽ പങ്കുള്ള മറ്റു പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കിയതായി കണ്ണവം സി.ഐ കെ സുധീർ പറഞ്ഞു.

എൻ.ഡി.എഫ് പ്രവർത്തകൻ അയൂബിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൂടിയാണ് അമൽരാജ്.
അക്രമിസംഘം സഞ്ചരിച്ച കാറും പൊലീസ് കണ്ടെടുത്തു. ആർ.എസ്.എസ് പ്രവർത്തകനായ മറ്റൊരു അമൽരാജാണ് കാർ വാടകയ്ക്ക് എടുത്തതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികൾ സഞ്ചരിച്ചുവെന്ന് കരുതുന്ന രണ്ട് ബൈക്കുകളും കണ്ടെത്താനുണ്ട്. സലാഹുദീനും കുടുംബവും സഞ്ചരിച്ച പ്രദേശങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്. അക്രമിസംഘം കൂത്തുപറമ്പ് മുതൽ സലാഹുദീന്‍റെ വാഹനത്തെ പിന്തുടർന്നതായി പൊലീസ് സംശയിക്കുന്നുണ്ട്.

 

https://youtu.be/-EclIugWT6s