ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം; പ്രതിയുമായി തെളിവെടുപ്പ് ; കുട്ടിയുടെ മാതാവും പിതാവും പ്രതിക്ക് നേരെ ആക്രോശിച്ച്‌ പാഞ്ഞടുത്തു

കൊച്ചി: ആലുവയില്‍ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലവുമായി പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് ശേഷം ബാലികയുടെ മൃതദേഹം ഉപേക്ഷിച്ച ആലുവ മാര്‍ക്കറ്റ് പരിസരത്തും പരിസരങ്ങളിലും എത്തിച്ചാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്.

അഞ്ച് വയസുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഏറ്റവും നിർണ്ണായക നടപടിയാണ് പോലീസ് പൂർത്തിയാക്കിയത്.കനത്ത പോലീസ് വലയത്തിലാണ് തെളിവെടുപ്പ് നടന്നത്. പെൺകുട്ടിയെ മാർക്കറ്റിലേക്ക് കൊണ്ടുവരുന്നതിന് മുമ്പ് കുട്ടിയെ കൊണ്ട്പോയ കടകളിലുമെത്തിച്ച്‌ തെളിവെടുപ്പ് പൂർത്തിയാക്കി.
കൊലപാതകം നടന്ന ആലുവ മാര്‍ക്കറ്റിലും കുട്ടിക്ക് ജ്യൂസ് വാങ്ങി നല്‍കിയ കടകളിലും ബീവറേജ് കടയിലടക്കം എട്ടിലധികം സ്ഥലത്താണ് ഇന്ന് തെളിവെടുപ്പ് നടത്തിയത്.പ്രതിയുടെ തെളിവെടുപ്പ് വാര്‍ത്ത അറിഞ്ഞതോടെ നിരവധി പേരാണ് ആലുവ മാര്‍ക്കറ്റ് പരിസരത്ത് എത്തിയത്. പ്രതിക്ക് നേരെ ഇന്നും നാട്ടുകാരുടെ പ്രതിഷേധം ഉയര്‍ന്നു.പ്രതിയെ പെൺകുട്ടിയുടെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തി.

പ്രതിയുമായി വീട്ടിലെത്തിച്ചപ്പോള്‍ കുട്ടിയുടെ മാതാവും പിതാവും പ്രതിക്ക് നേരെ ആക്രോശിച്ച്‌ പാഞ്ഞെടുത്തു. പൊലീസ് ഇടപെട്ടാണ് ഇവരെ തടഞ്ഞത്. പ്രതിയെ വീട്ടില്‍ നിന്ന് ഇറക്കിയപ്പോഴും കുട്ടിയുടെ പിതാവ് പ്രതിക്ക് നേരെ പ്രതിഷേധം ഉയർത്തി.കൊല്ലപ്പെട്ട കുട്ടിയുടെ വീടിന്റെ മുകളില്‍ നിലയിലായിരുന്നു അസ്ഫാക് ആലം താമസിച്ചിരുന്നത്.അതേസമയം, പ്രതി അസ്ഫാക്ക് ആലത്തിനെതിരായ തെളിവുകള്‍ ശേഖരിക്കാന്‍ ഇതരസംസ്ഥാനത്തേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.രണ്ട് സംഘങ്ങളായി അന്വേഷണ ഉദ്യോഗസ്ഥര്‍ ബിഹാറിലേക്കും ദില്ലിയിലേക്കും ഇന്നലെ തിരിച്ചു. എസ് ഐ മാരുടെ നേതൃത്വത്തിലുള്ള രണ്ട് സംഘമാണ് ദില്ലിയിലേക്കും ബീഹാറിലേക്കും തിരിച്ചത്.

Comments (0)
Add Comment