കോഴിക്കോട്: കൊയിലാണ്ടിയില്‍ സിപിഎം നേതാവ് പി.വി. സത്യനാഥിനെ വെട്ടിക്കൊന്ന സംഭവത്തില്‍ നിർണായക കണ്ടെത്തൽ. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തി. കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തിയത് കൃത്യം നടന്ന സ്ഥലത്തിന് അടുത്ത് നിന്നാണ് . സംബവത്തില്‍ പ്രതി സിപിഎം മുന്‍ ബ്രാഞ്ച് കമ്മിറ്റി അംഗം അഭിലാഷിന്‍റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കൊലപാതക കാരണം വ്യക്തി വൈരാഗ്യമെന്നാണ് അഭിലാഷ് പോലീസിന് നല്‍കിയ മൊഴി.
കഴുത്തിൽ ഏറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം രാത്രി ക്ഷേത്രോത്സവത്തിനിടെയാണ് സിപിഎം ലോക്കല്‍ സെക്രട്ടറിയായ പി.വി. സത്യനാഥനെ സിപിഎം മുന്‍ ബ്രാഞ്ച് അംഗവും അയല്‍വാസിയുമായ അഭിലാഷ് മാരകമായി വെട്ടിയത്. ശരീരത്തില്‍ മഴുകൊണ്ട് നാലിലധികം വെട്ടേറ്റ് വീണ സത്യനാഥനെ ഉടന്‍തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവ ശേഷം ക്ഷേത്ര പരിസരത്തുനിന്ന് രക്ഷപ്പെട്ട അഭിലാഷ് കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു.
കൃത്യമായ ആസൂത്രണത്തിന് ശേഷമാണ് കൊലപാതകം നടത്തിയതെന്ന് വ്യക്തമാണ്. കൊലപാതകം അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം സത്യനാഥന്‍റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമാണെന്ന് വരുത്തി തീര്‍ക്കാനുള്ള സിപിഎമ്മിന്‍റെ ശ്രമത്തിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം വിമര്‍ശനം ഉയരുകയാണ്.