കൊയിലാണ്ടിയിലെ സിപിഎം നേതാവിന്‍റെ കൊലപാതകം: പ്രതി മുന്‍ ബ്രാഞ്ച് കമ്മിറ്റി അംഗം; കസ്റ്റഡിയില്‍

Jaihind Webdesk
Friday, February 23, 2024

 

കോഴിക്കോട്: കൊയിലാണ്ടിയില്‍ സിപിഎം നേതാവ് പി.വി. സത്യനാഥിനെ വെട്ടിക്കൊന്ന സംഭവത്തില്‍ ഒരാൾ കസ്റ്റഡിയിൽ. പെരുവട്ടൂർ പുറത്തോന അഭിലാഷ് ആണ് പിടിയിലായത്. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകത്തില്‍ പ്രതിഷേധിച്ച് സിപിഎം ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.

കൊലപാതകവുമായി ബന്ധപ്പെട്ട് പെരുവട്ടൂർ പുറത്തോന സ്വദേശി അഭിലാഷ് (33) പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇയാൾ മുൻ സിപിഎം പ്രവർത്തകനാണെന്നും ആക്രമണത്തിന് കാരണം വ്യക്തിവിരോധമാണെന്നും പോലീസ് പറ‍ഞ്ഞു. മുൻ ബ്രാഞ്ച് കമ്മിറ്റി അംഗവും നഗരസഭയിലെ താൽക്കാലിക ഡ്രൈവറുമാണ് അഭിലാഷ്. പ്രതിയെ പോലീസ് ചോദ്യം ചെയ്തു. കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി 10 നാണ് സിപിഎം കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പുളിയോറ വയലിൽ സത്യനാഥ് കൊല്ലപ്പെട്ടത്. മുത്താമ്പി ചെറിയപുറം ക്ഷേത്രത്തിന് സമീപത്തായിരുന്നു സംഭവം. അക്രമി മഴു കൊണ്ട് വെട്ടുകയായിരുന്നു. പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തിൽ ഗാനമേള നടക്കുന്നതിനിടെ ക്ഷേത്രത്തിനു സമീപത്തുവെച്ചാണ് വെട്ടേറ്റത്. ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.