കൊയിലാണ്ടിയിലെ സിപിഎം നേതാവിന്‍റെ കൊലപാതകം; സംസ്‌കാരം ഇന്ന്, ആഴത്തില്‍ ആറ് മുറിവുകള്‍

Jaihind Webdesk
Friday, February 23, 2024

കോഴിക്കോട്: സിപിഎം മുന്‍ ബ്രാഞ്ച് അംഗം വെട്ടിക്കൊലപ്പെടുത്തിയ സിപിഎം ലോക്കല്‍ സെക്രട്ടറി പി.വി സത്യനാഥന്‍റെ സംസ്‌കാരം ഇന്ന് രാത്രി 8 ന്. സത്യനാഥന്‍റെ ദേഹത്ത് ആറ് മുറിവുകള്‍. അതേസമയം കൊലപാതകത്തിന് കാരണം വ്യക്തി വിരോധമെന്നും തനിച്ചാണ് കൊലപാതകം നടത്തിയതെന്നും പ്രതി അഭിലാഷ് പോലീസിന് മൊഴി നല്‍കി.

കഴുത്തിലും നെഞ്ചിലും ഏറ്റ  ആഴത്തിലുള്ള ആറ് മുറിവാണ് സത്യനാഥന്‍റെ മരണത്തിന് കാരണമായതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. താന്‍ ഒറ്റക്കാണ് കൊലപാതകം നടത്തിയതെന്ന് പ്രതി അഭിലാഷ് പോലീസിന് മൊഴി നല്‍കി.  പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളില്‍ തന്നോട് സ്വീകരിച്ച നിലപാടുകളാണ് കൊലപാതകത്തിന് കാരണമായതെന്ന് പ്രതി വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രി ക്ഷേത്രോത്സവത്തിനിടെയാണ് സിപിഎം ലോക്കല്‍ സെക്രട്ടറിയായ പി.വി. സത്യനാഥനെ  സിപിഎം മുന്‍ ബ്രാഞ്ച് അംഗവും അയല്‍വാസിയുമായ അഭിലാഷ് മാരകമായി വെട്ടിയത്. ശരീരത്തില്‍ മഴുകൊണ്ട് നാലിലധികം വെട്ടേറ്റ് വീണ സത്യനാഥനെ ഉടന്‍തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവ ശേഷം ക്ഷേത്ര പരിസരത്തുനിന്ന് രക്ഷപ്പെട്ട അഭിലാഷ് കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു.

കൃത്യമായ ആസൂത്രണത്തിന് ശേഷമാണ് കൊലപാതകം നടത്തിയതെന്ന് വ്യക്തമാണ്.  കൊലപാതകം അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.  അതേസമയം സത്യനാഥന്‍റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമാണെന്ന്  വരുത്തി തീര്‍ക്കാനുള്ള സിപിഎമ്മിന്‍റെ ശ്രമത്തിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം വിമര്‍ശനം ഉയരുകയാണ്.