യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരായ വധശ്രമം; അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

കായംകുളത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സുഹൈലിനെ ക്രൂരമായി കൊലപ്പെടുത്താന്‍ ശ്രമിച്ച സി.പി.എം അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഭരണിക്കാവ് പഞ്ചായത്തില്‍ സി.പി.എം നടത്തിയ കമ്മ്യൂണിറ്റി കിച്ചനിലേയും ക്ഷേമനിധിയിലെയും വെട്ടിപ്പും അഴിമതിയും പുറത്തുകൊണ്ടുവന്നതിലെ പകയാണ് ചെറുപ്പക്കാരനെ അപായപ്പെടുത്താനുള്ള ശ്രമത്തിന് പിന്നില്‍.

കൊവിഡിനെതിരായ പോരാട്ടത്തില്‍ എല്ലാവരും ഒരുമിച്ച് നിന്ന് പോരാടുമ്പോഴാണ് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെ കണ്ണൂര്‍ മോഡല്‍ കൊലപാതകം ആസുത്രണം ചെയ്യാന്‍ സി.പി.എം. ശ്രമിച്ചത്. എന്തു നെറികേടുകാട്ടിയാലും ഭരണത്തിന്റെ തണലില്‍ സംരക്ഷിക്കപ്പെടുമെന്ന ഉത്തമബോധ്യമാണ് സി.പി.എം പ്രവര്‍ത്തകരെ ഇത്തരം ഹീനകൃത്യങ്ങള്‍ക്ക് പ്രോത്സാഹനം. ഇത് അംഗീകരിക്കാനാവില്ല. ഈ കുറ്റകൃത്യത്തിന് പിന്നിലെ മുഴുവന്‍ പ്രതികളേയും സംരക്ഷിക്കുന്നതിന് പകരം എത്രയും വേഗം പിടികൂടി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ അക്രമത്തെ ശക്തമായി അപലപിക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.

Comments (0)
Add Comment