‘ദുരന്ത സമയത്തെ രാഷ്ട്രീയം പറയാനുള്ള വിലക്ക് ഒരു ചെറുപ്പക്കാരനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിന് ഇല്ലാത്തതിന്‍റെ നെറികേടിനെ അംഗീകരിക്കില്ല’; പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് യൂത്ത് കോണ്‍ഗ്രസ്

Jaihind News Bureau
Wednesday, April 22, 2020

ആലപ്പുഴ ഭരണിക്കാവില്‍  പ്രവര്‍ത്തകനുനേരെയുണ്ടായ വധശ്രമത്തില്‍ സിപിഎമ്മിനെതിരെ യൂത്ത് കോണ്‍ഗ്രസ്. ദുരന്ത സമയത്തെ രാഷ്ട്രീയം പറയാനുള്ള വിലക്ക് ഒരു ചെറുപ്പക്കാരനെ കഴുത്തിന് വെട്ടിക്കൊല്ലാൻ ശ്രമിക്കുന്നതിന് ഇല്ലാത്തതിന്‍റെ  നെറികേടിനെ അംഗീകരിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു. സുഹൈലിന് വേണ്ട ഏത് സഹായവും നൽകും. പ്രതികളെ   നിയമത്തിന് മുന്നിൽ കൊണ്ട് വരും.
പ്രതികളെ ഉടനടി അറസ്റ്റ് ചെയ്തില്ലെങ്കിൽ ആലപ്പുഴയിലെ മുഴുവൻ പൊലീസ് സ്റ്റേഷനുകൾക്ക് മുന്നിലും യൂത്ത് കോൺഗ്രസ്സ് പ്രതിഷേധമുണ്ടാകുമെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

യൂത്ത് കെയറിൻ്റെയും യൂത്ത് കോൺഗ്രസ്സിൻ്റെയും സജീവ പ്രവർത്തകനായ സുഹൈലിനെ കഴുത്തിന് വെട്ടേറ്റ് മാരകമായ പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവം നടന്നതിന് ശേഷം നിരന്തരമായി അവിടുത്തെ സഹപ്രവർത്തകരുമായി ബന്ധപ്പെടുന്നുണ്ട്. കഴുത്തിലെ മുറിവിന് പുറമെ തോളെല്ലിനും ഗുരുതരമായ പൊട്ടലുള്ളത് കൊണ്ട് അടിയന്തിര വിദഗ്ദ്ധ ചികിത്സക്കായി എറണാംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് സുഹൈലിനെ മാറ്റി. ഹൈബി ഈഡൻ MP യുമായി ബന്ധപ്പെട്ട് അവിടെ വേണ്ട സജ്ജീകരണങ്ങൾ ചെയ്തു.

ഇന്നലെ രാത്രി കൂടി അത്താഴക്കഞ്ഞി വിതരണത്തിൽ പങ്കെടുത്ത സുഹൈലും യൂത്ത് കോൺഗ്രസ്സ് പ്രാദേശിക നേതാവ് ഇക്ബാലും ബൈക്കിൽ സഞ്ചരിച്ച സമയത്താണ് രാത്രി മറ്റൊരു ബൈക്കിൽ വന്നവർ വെട്ടി വീഴ്ത്തിയത്.
3 വർഷമായി പിരിച്ച തുക കർഷക തൊഴിലാളി ക്ഷേമനിധിയിലേക്ക് അടക്കാതെ മുക്കിയ CPM പ്രാദേശിക നേതൃത്വത്തിനെതിരെ ഫേസ്ബുക്കിൽ പ്രതികരിച്ചതിന് പരസ്യമായ ഭീഷണി പ്രവർത്തകർക്കുണ്ടായിരുന്നു.

ദുരന്ത സമയത്തെ രാഷ്ട്രീയം പറയാനുള്ള വിലക്ക് ഒരു ചെറുപ്പക്കാരനെ കഴുത്തിന് വെട്ടിക്കൊല്ലാൻ ശ്രമിക്കുന്നതിന് ഇല്ലാത്തതിൻ്റെ നെറികേടിനെ അംഗീകരിക്കില്ല. സുഹൈലിന് വേണ്ട ഏത് സഹായവും നൽകും.ഇത് ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരും.  പ്രതികളെ ഉടനടി അറസ്റ്റ് ചെയ്തില്ലെങ്കിൽ ആലപ്പുഴയിലെ മുഴുവൻ പോലീസ് സ്റ്റേഷനുകൾക്ക് മുന്നിലും യൂത്ത് കോൺഗ്രസ്സ് പ്രതിഷേധമുണ്ടാവും.