ഭാര്യയുടെ കൈ വെട്ടിമാറ്റി, മുടി മുറിച്ചു: ക്രൂര കൃത്യം കുഞ്ഞിന് മുന്നില്‍ വെച്ച്; പ്രതി പിടിയില്‍

Jaihind Webdesk
Sunday, September 18, 2022

 

പത്തനംതിട്ട: കലഞ്ഞൂരിൽ യുവതിയെ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചു. കലഞ്ഞൂർ ചാവടിമല സ്വദേശിനി വിദ്യയെയാണ് ഭർത്താവ് സന്തോഷ് വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ചത്. ഇവരുടെ വിവാഹ മോചനക്കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്നതിനിടെയാണ് ആക്രമണം.

ശനിയാഴ്ച രാത്രി 9.30 ഓടെയാണ് സന്തോഷ് വിദ്യയുടെ കലഞ്ഞൂരിലെ വീട്ടിൽ അതിക്രമിച്ച് കയറി വെട്ടി പരിക്കേൽപ്പിച്ചത്. തടയാൻ ശ്രമിച്ച വിദ്യയുടെ പിതാവ് വിജയനും വെട്ടേറ്റു. അക്രമണത്തിൽ വിദ്യയുടെ ഒരു കൈപ്പത്തി അറ്റുപോയ അവസ്ഥയിലാണ്. രണ്ട് കൈകൾക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. അപ്രതീക്ഷിതമായാണ് ആക്രമണം ഉണ്ടായത്. ബഹളം കേട്ട് പ്രദേശവാസികൾ എത്തിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു. ഗുരുതരമായ പരിക്കുകളോടെ യുവതി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ അറ്റുപോയ കൈകൾ ശസ്ത്രക്രിയയിലൂടെ തുന്നി ചേർത്തു.

സംഭവത്തിന് ശേഷം ഒളിവിൽ പോയ സന്തോഷിനെ അടൂരിൽ നിന്ന് പോലീസ് പിടികൂടി. സംശയ രോഗിയായ ഇയാൾ മുമ്പ് വിദ്യയെ ക്രൂരമായി മർദ്ദിക്കുന്നത് പതിവായതോടെയാണ് ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ചത്. യുവതിയെ വധിക്കുക എന്ന ലക്ഷ്യത്തോടെയാണ് വടിവാളുമായെത്തി ആക്രമണം നടത്തിയത് എന്ന് പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. 5 വയസുള്ള കുട്ടിയുടെ മുന്നിൽ വെച്ചായിരുന്നു ആക്രമണം.