തിരുവനന്തപുരം: പട്ടം എസ്.യു.ടി. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവ് മരിച്ചു. കരകുളം സ്വദേശി ഭാസുരനാണ് (65) മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.
ഒരു വര്‍ഷമായി കിഡ്നി സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഭാര്യ ജയന്തിയെ (60) ഭാസുരന്‍ ആശുപത്രിമുറിയില്‍ വെച്ച് ഇലക്ട്രിക് ബെഡ് ചാര്‍ജ് ചെയ്യാനുപയോഗിക്കുന്ന കേബിള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് ചാടി ഭാസുരന്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതര പരിക്കുകളോടെ ഐ.സി.യുവില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ലക്ഷക്കണക്കിന് രൂപ ചികിത്സയ്ക്കായി ചെലവഴിച്ചതിനെത്തുടര്ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് കൊലപാതകത്തിനും ആത്മഹത്യയ്ക്കും കാരണമെന്നാണ് പൊലീസ് നല്കുന്ന വിവരം. ഇവരുടെ മകള്‍ നല്കിയ മൊഴിയും ഇത് ശരിവെക്കുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.