പാര്‍ട്ടിക്കുള്ളിലെ ക്രമക്കേടുകള്‍ പുറത്താകുമെന്ന ഭയം; ഡിവൈഎഫ്‌ഐ നേതാവിനെ സിപിഎം ഒത്താശയോടെ പൊലീസ് കൊലപ്പെടുത്തിയെന്ന് കുടുംബം

Jaihind News Bureau
Friday, June 12, 2020

സിപിഎം നേതാക്കൾ നടത്തിയ ജോലി തട്ടിപ്പും അഴിമതികളും പുറത്തറിയിക്കുമെന്ന ഭയത്തിൽ ഡിവൈഎഫ്ഐ നേതാവിനെ പാര്‍ട്ടിയുടെ ഒത്താശയോടെ പൊലീസ് മർദ്ദിച്ച് കൊലപ്പെടുത്തിയെന്ന ആരോപണവുമായി കുടുംബം.  അടൂരിലെ ഡിവൈഎഫ്ഐ നേതാവ് ജോയലിന്‍റെ കുടുംബമാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.

ഇക്കഴിഞ്ഞ ജനുവരി ഒന്നിന് മന്ത്രി എസി മൊയ്തീന്‍റെ പേഴ്സണൽ സ്റ്റാഫായ അടൂർ സ്വദേശി ജോസ് ബാബു, ജോയലിനെ വീട്ടില്‍ അതിക്രമിച്ചു കയറി ക്രൂരമായി മര്‍ദ്ദിക്കുകയും  കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അന്നേദിവസം  ജോയല്‍ സഞ്ചരിച്ച വാഹനവും മറ്റൊരു വാഹനവും തമ്മിൽ കൂട്ടിയിടിച്ച സംഭവത്തില്‍ ജോയലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സിപിഎം നേതാക്കളുടെ നിർദ്ദേശത്തെ തുടർന്ന് അടൂർ പൊലീസ് സ്റ്റേഷനിൽ ജോയലിന് ക്രൂര മർദ്ദനം നേരിടേണ്ടിവന്നുവെന്നും കുടുംബം ആരോപിക്കുന്നു.  മർദ്ദനമേറ്റ ജോയൽ ചികിത്സയിലിരിക്കെ മെയ് 22ന് മരിച്ചു. ഡിവൈഎഫ്ഐ അടൂർ മേഖലാ കമ്മിറ്റി അംഗവും എസ്എഫ്ഐ മേഖലാ സെക്രട്ടറിയുമായിരുന്നു ജോയൽ.

അടൂരിൽ സിപിഎം നടത്തുന്ന അഴിമതികളും വ്യാജ നിയമനങ്ങളും ഫണ്ട് തട്ടിപ്പും സജീവ പാർട്ടി പ്രവർത്തകനായ ജോയലിന് അറിയാമായിരുന്നു. പാര്‍ട്ടിയുടെ സജീവ പ്രവർത്തനങ്ങളിൽ നിന്നും  വിട്ടുനില്‍ക്കുകയായിരുന്ന ജോയലിനെ പാര്‍ട്ടിയുടെ അഴിമതികൾ പുറത്ത് പറയുമെന്ന ഭീതിയിലാണ് പൊലീസിനെ കൊണ്ട് മർദ്ദിച്ച് കൊലപ്പെടുത്തിയതെന്നും കുടുംബം ആരോപിച്ചു.

മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും ഉൾപ്പെടെ പരാതി നൽകിയിട്ടും ജോയലിന്‍റെ മരണത്തിന് കാരണക്കാരായ പൊലീസുകാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും കുടുംബം ആരോപിക്കുന്നു. അഴിമതിയും തട്ടിപ്പുകളും മറക്കുവാൻ സ്വന്തം പാർട്ടിയിലെ യുവനേതാക്കളെ പോലും പോലീസിനെ ഉപയോഗിച്ച് മർദ്ദിച്ച് കൊലപ്പെടുത്തുന്ന തരത്തിലേക്ക് സി പി എം അധ:പതിച്ചതായും സിപിഎം അനുഭാവികളായിരുന്ന ജോയലിന്‍റെ കുടുംബം പറഞ്ഞു. ജോയലിന്‍റെ മരണത്തിന് ഉത്തരവാദികളായ പൊലീസുകാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതുവരെ പോരാട്ടത്തിനൊരുങ്ങുകയാണ് കുടുംബം.