പാം അക്ഷര മുദ്ര പുരസ്കാരം അധ്യാപകൻ മുരളി മംഗലത്തിന്

JAIHIND TV DUBAI BUREAU
Monday, July 19, 2021

ഷാർജ : സാഹിത്യ സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2020 ലെ പാം അക്ഷരമുദ്ര പുരസ്കാരം മലയാളം അധ്യാപകനും കവിയുമായ മുരളി മംഗലത്തിന് നൽകാൻ തീരുമാനിച്ചു. കവിതകളും വിവർത്തനങ്ങളും ഉൾപെടെ ഏഴോളം കൃതികളുടെ രചയിതാവാണ് അദ്ദേഹം.

‘ആദ്യാക്ഷരം’, ‘അമ്മുവിൻറെ ഇഷ്ടങ്ങൾ’, ‘പ്രണയ മൊഴികൾ”, ‘ഇത്തിരി തൈരും ഒരു കുബൂസും’ എന്നീ കവിതാ സമാഹാരങ്ങളും ‘ലൈലാ മജ്നൂൻ’, ‘ജലത്തിന് പറയാനുള്ളത്’, ‘കലഹിക്കുന്ന വാക്കുകൾ’ എന്നീ വിവർത്തനങ്ങളുമാണ് പ്രസിദ്ധീകരിച്ച കൃതികൾ.

പ്രവാസി സാംസ്കാരിക സംഘടനകൾക്ക് ഏറെ സുപരിചിതനാണ് മുരളി മംഗലത്ത് . പ്രവാസ വിദ്യാർഥികളിൽ മലയാള ഭാഷയോടും സംസ്കാരത്തോടുമുള്ള അഭിനിവേശം വളർത്തുന്നതിൽ മുരളി മാഷ് നൽകിവരുന്ന സേവനം സ്തുത്യർഹമാണ്. 34 വർഷമായി യു.എ.ഇയിൽ മലയാള അധ്യാപകനായി അദ്ദേഹം സേവനമനുഷ്ഠിക്കുന്നു. അജ്മാൻ അൽ അമീർ സ്കൂളിലെ മലയാളം അധ്യാപകനായ മുരളി മംഗലത്ത് തൃശൂർ വലപ്പാട് സ്വദേശിയാണ്. ചന്ദ്രശേഖരൻ നായരുടെയും സുശീല സി നായരുടെയും മകനാണ്. ഭാര്യ ബിന്ദു. ശ്രീരാഗ് , നന്ദിത എന്നിവർ മക്കളുമാണ്.

പുരസ്കാരം 2021 ലെ പാം സർഗ സംഗമത്തിൽ വെച്ച് നൽകുമെന്ന് പാം പുസ്തകപ്പുരയുടെ രക്ഷാധികാരി ഷീലാ പോൾ, പ്രസിഡൻ്റ് വിജു സി പരവൂർ, സെക്രട്ടറി ജയകുമാർ, വെള്ളിയോടൻ എന്നിവർ അറിയിച്ചു.