
ഇടുക്കി മൂന്നാര്‍: ആനച്ചാലില്‍ സ്കൈ ഡൈനിങ്ങിനിടെ ക്രെയിനിന്റെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിനോദസഞ്ചാരികള്‍ കുടുങ്ങി. രണ്ടും നാലും വയസുള്ള കുട്ടികളടക്കം അഞ്ചോളം പേരാണ് ഏകദേശം 150 അടി ഉയരത്തില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവര്‍ മലപ്പുറം സ്വദേശികളാണ്.
വിനോദസഞ്ചാരികളെ സുരക്ഷിതമായി താഴെ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ക്രെയിനിന്റെ തകരാറാണ് അപകടകാരണം എന്നാണ് പ്രാഥമിക വിവരം. കുട്ടികളടക്കം കുടുങ്ങിക്കിടക്കുന്നതിനാല്‍ അതീവ ജാഗ്രതയോടെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. പ്രദേശവാസികളും സഹായത്തിനായി രംഗത്തുണ്ട്.
സ്കൈ ഡൈനിങ്ങിനായി ഉപയോഗിച്ച ക്രെയിന്‍ മുകളിലെത്തിയ ശേഷം സാങ്കേതിക തകരാറുകള്‍ കാരണം പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു. ഉയരത്തില്‍ കുടുങ്ങിക്കിടക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്.