
ഇടുക്കി മൂന്നാര്‍: ആനച്ചാലില്‍ സ്കൈ ഡൈനിങ്ങിനിടെ ക്രെയിന്‍ തകരാറിലായതിനെ തുടര്‍ന്ന് കുടുങ്ങിക്കിടന്ന അഞ്ച് വിനോദസഞ്ചാരികളെയും സുരക്ഷിതമായി താഴെയെത്തിച്ചു. കണ്ണൂരില്‍ നിന്നുള്ള നാലംഗ കുടുംബവും സ്കൈ ഡൈനിങ്ങിലെ ഒരു ജീവനക്കാരനുമാണ് 120 അടി ഉയരത്തില്‍ കുടുങ്ങിയത്.
സംഘത്തില്‍ ഉണ്ടായിരുന്ന രണ്ടര വയസ്സുള്ള കുട്ടിയടക്കമുള്ളവരെയാണ് ആദ്യം താഴെ എത്തിച്ചത്. എല്ലാവരെയും സുരക്ഷിതമായി ഇറക്കിയതായി അധികൃതര്‍ സ്ഥിരീകരിച്ചു. ക്രെയിനിന്റെ സാങ്കേതിക തകരാര്‍ കാരണമാണ് ക്രെയിന്‍ താഴ്ത്താന്‍ കഴിയാതെ വന്നതെന്നും ഇതാണ് പ്രശ്നമായതെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇടുക്കിയിലെ ആനച്ചാലില്‍ അഡ്വഞ്ചര്‍ ടൂറിസത്തിന്റെ ഭാഗമായി അടുത്തിടെയാണ് ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്ന സ്കൈ ഡൈനിംഗ് പദ്ധതി ആരംഭിച്ചത്. ഏകദേശം 120 അടി ഉയരത്തില്‍ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തുന്ന പ്ലാറ്റ്ഫോമിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. ഒരേ സമയം 15 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുള്ള ഇവിടെ അരമണിക്കൂറോളം ആകാശക്കാഴ്ചകള്‍ ആസ്വദിക്കാനുള്ള സൗകര്യമുണ്ട്.