മൂന്നാറില്‍ പടയപ്പയുടെ അഭ്യാസം; ഭീതിയില്‍ ജനം

Jaihind News Bureau
Sunday, February 16, 2025

മൂന്നാർ: വീണ്ടും കാട്ടാന ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. മൂന്നാറില്‍ കാട്ടുകൊമ്പന്‍ പടയപ്പയുടെ പരാക്രമം തുടരുകയാണ്. ഞായറാഴ്ച രാവിലെ മൂന്നാര്‍ മാട്ടുപ്പെട്ടി റോഡിലിറങ്ങി പടയപ്പ ഗ്രഹാംസ്ലാന്‍റ് ഭാഗത്ത് വഴിയോരക്കട തകര്‍ത്തു. പിന്നീട് ആര്‍ ആര്‍ ടി സംഘമെത്തി പടയപ്പയെ തുരുത്തി. കന്നിമലയില്‍ ബൈക്ക് യാത്രക്കാരെയും പടയപ്പ ആക്രമച്ചു. സംഭവത്തില്‍ കന്നിമല സ്വദേശി ബാലദണ്ഡൻ, വിഗ്നേഷ് എന്നീ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല എന്ന് റിപ്പോർട്ട് ചെയ്തു.

ഏകദേശം മുപ്പത് മിനിറ്റോളമാണ് പടയപ്പ റോഡ് തടഞ്ഞത്. പിന്നാലെ ആനയെ കാട്ടിലേക്ക് തുരത്തുകയായിരുന്നു. കഴിഞ്ഞ ദിവസവും മൂന്നാറില്‍ പടയപ്പയുടെ ആക്രമണമുണ്ടായി. കഴിഞ്ഞദിവസം രാത്രി മുഴുവനും മറയൂർ-മൂന്നാർ റോഡില്‍ പടയപ്പ വാഹനങ്ങള്‍ക്ക് നേരെ പാഞ്ഞടുത്തു ഭീതി പരത്തിയിരുന്നു. വ്യാഴാഴ്ച രാത്രി 10 മുതല്‍ കടുകുമുടി എട്ടാംമൈല്‍ ഭാഗത്തായിട്ടാണ് പടയപ്പ വാഹനങ്ങള്‍ക്ക് നേരെ പാഞ്ഞടുത്തത്. മറയൂരില്‍ നിന്ന് തണ്ണിമത്തനുമായി പോയ പിക്കപ്പ് തടഞ്ഞ് തണ്ണിമത്തൻ എടുത്തു തിന്നുകയും ചെയ്തു.

മൂന്നാറില്‍ നിന്ന് മറയൂർ വഴി ഉദുമല്‍പേട്ടയ്ക്ക് സർവീസ് നടത്തിയ കെഎസ്‌ആർടിസി ബസിന് പിന്നിലേക്കും പടയപ്പയുടെ ആക്രമണം ഉണ്ടായി. തുമ്പിക്കൈ ഉയർത്തി ബസിനെ മുട്ടിയുരുമിയെങ്കിലും അല്‍പസമയം കഴിഞ്ഞപ്പോള്‍ തന്നെ ശാന്തനായി മടങ്ങി. രാത്രി ഒട്ടേറെ വാഹനങ്ങളാണ് പടയപ്പക്ക് മുന്നില്‍പ്പെട്ടത്. എല്ലാവരും തലനാരിഴയ്ക്കാണ്  രക്ഷപ്പെട്ടത്. നിലവില്‍ മദപ്പാടിലാണ് പടയപ്പ എന്നാണ് വിവരം. ഇന്ന് പുലർച്ചെ മാട്ടുപെട്ടിയിൽ ഒരു കടയും തകർത്താണ് പടയപ്പയുടെ അഭ്യാസം.