വയനാട്: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് (IUML) നിര്‍മിക്കുന്ന വീടുകളുടെ പണിക്ക് ഇന്ന് തുടക്കമാകും. മേപ്പാടി പഞ്ചായത്തിലെ വെള്ളിത്തോട് പ്രദേശത്ത് ഏറ്റെടുത്ത സ്ഥലത്ത് ഉച്ചയ്ക്ക് 2 മണിക്ക് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍മാണ പ്രവൃത്തികള്‍ക്ക് തറക്കല്ലിടും.
മുട്ടില്‍-മേപ്പാടി പ്രധാന റോഡിന് സമീപം സ്ഥിതി ചെയ്യുന്ന 8 സെന്റ് സ്ഥലത്താണ് പദ്ധതി. ആയിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഇരുനില വീടുകള്‍ നിര്‍മ്മിക്കാനാവശ്യമായ അടിത്തറയോടുകൂടിയാണ് ഭവന സമുച്ചയം ഒരുങ്ങുന്നത്. നിര്മാണ് കണ്‍സ്ട്രക്ഷന്‍സ്, മലബാര്‍ ടെക് കോണ്‍ട്രാക്ടേഴ്സ് എന്നിവര്‍ക്കാണ് നിര്‍മാണ ചുമതല.
മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള ദേശീയ, സംസ്ഥാന, ജില്ലാ ഭാരവാഹികള്‍ പങ്കെടുക്കും. വീട് നിര്‍മാണത്തിനായുള്ള നിയമപരമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.